കൊച്ചി: ശ്രീഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ ചെയർമാൻ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചെന്നൈയിലേയ്ക്ക് വളിച്ചുവരുത്തി ചോദ്യം ചെയ്തു.
കോഴിക്കോട്ടുണ്ടായിരുന്ന അദ്ദേഹം ഇ.ഡി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി ചെന്നൈയിലെത്തി. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഗോകുലം ഗോപാലൻ നിർമ്മാണ, വിതരണ പങ്കാളിയായ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന സംശയവും ആരോപണവും ഉയർന്നിട്ടുണ്ട്.
ചെന്നൈ കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസ്, സമീപത്തെ ശാഖ, നീലങ്കരയിലെ വസതി, കോഴിക്കോട്ടെ ഗോകുലം ഗ്രാൻഡ് ഹോട്ടൽ, ഗോകുലം മാൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചെന്നൈയിലെ പരിശോധന രാത്രിയും തുടരുകയാണ്.
കോഴിക്കോട്ടെ റെയ്ഡ് വൈകിട്ട് നാലോടെ സമാപിച്ചു. ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ ഗോപാലനെ ഇ.ഡി ഉദ്യോഗസ്ഥർ ഉച്ചയോടെ ചോദ്യം ചെയ്തിരുന്നു. റെയ്ഡ് പൂർത്തിയായശേഷം അടിയന്തരമായി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടു. ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് അദ്ദേഹം വിമാനത്തിൽ ചെന്നൈയിലേയ്ക്ക് പോയത്.
അന്വേഷണം 1,107 കോടി രൂപയെക്കുറിച്ച്
അഞ്ചു വർഷത്തിനിടെ വിദേശത്തു നിന്ന് നിക്ഷേപമായും മറ്റും ലഭിച്ച 1,107 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നതെന്നാണ് സൂചന. ആദായനികുതി വകുപ്പ് 2017ൽ ആരംഭിച്ച നടപടികളുടെ തുടർച്ചയായി 2019ൽ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. നിക്ഷേപമായി ലഭിച്ചതെന്ന് കരുതുന്ന പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിൽ നിരോധന നിയമം (പി.എം.എൽ.എ) എന്നിവ ലംഘിക്കപ്പെട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇ.ഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡിൽ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തു.
ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങൾ ആദായനികുതി വകുപ്പ് 2017ൽ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. 2023ൽ ഗോകുലം ഗോപാലനിൽ നിന്ന് ഇ.ഡി കൊച്ചി ഓഫീസിൽ മൊഴിയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |