
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൊല്ലം പന്മന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ദിനമായ ഇന്നലെ ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. 80 കിലോ ഉണ്ണിയപ്പമാണ് ഉപയോഗിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ, സതീശൻ പ്രതിപക്ഷ നേതാവാകാൻ പ്രവർത്തകർ പന്മന ക്ഷേത്രത്തിൽ തുലാഭാരം നടത്താമെന്ന് നേർന്നിരുന്നു.
പ്രാർത്ഥന സഫലമായെങ്കിലും തുലാഭാരം നടത്താൻ സതീശന്റെ സമയം ലഭിച്ചിരുന്നില്ല. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലെ ഏറ്റവും വിശേഷ ദിവസമായ സ്കന്ദഷഷ്ഠി ദിനം കണക്കാക്കി ആറുമാസം മുമ്പുതന്നെ അദ്ദേഹത്തിന്റെ സമയം ഉറപ്പിച്ചാണ് ഇന്നലെ നടത്തിയത്.
ചവറ കെ.എം.എം.എല്ലിലെ ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസിന്റെയും (ഐ.എൻ.ടി.യു.സി) പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും നേർച്ചയായിട്ടായിരുന്നു തുലാഭാരം. ഏറെക്കാലമായി ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റാണ് സതീശൻ.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സതീശൻ എത്തിയത്. സ്കന്ദഷഷ്ഠി ആയതിനാൽ ആ സമയം ക്ഷേത്രം തുറന്നിരുന്നു. നെഞ്ചിൽ കൈവച്ച് സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ടാണ് സതീശൻ തുലാഭാര തട്ടിൽ ഇരുന്നത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പം തയ്യാറാക്കുന്ന തിരുമേനിമാരെ എത്തിച്ച് ഉണ്ണിയപ്പം പന്മന ക്ഷേത്രത്തിൽ തയ്യാറാക്കുകയായിരുന്നു.
മുഖ്യമന്ത്രിയാകാനും നേർച്ച
വി.ഡി. സതീശൻ അടുത്ത മുഖ്യമന്ത്രിയാകണേയെന്ന് സുബ്രഹ്മണ്യ സ്വാമിയോട് തങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ടെന്നും അത് സഫലമായാൽ വീണ്ടും തുലാഭാരം നടത്തുമെന്നും പന്മനയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |