
തിരുവനന്തപുരം : തലസ്ഥാന നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാത്ത ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബി.ജെ.പിയെയോ ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യു.ഡി.എഫ് മത്സരിക്കുന്നത്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിനും യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്കും ലഭിച്ച നിരവധി സംഭവങ്ങൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിൽ ജയിക്കാനായി എന്നത് ഒഴിച്ചാൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫാണ് ജയിച്ചത്. കുളനട, ചെറുകോൽ തുടങ്ങിയ പഞ്ചായത്തുകൾ ബി.ജെ.പിയിൽ നിന്ന് തിരിച്ചുപിടിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കി കൂടുതൽ വ ശക്തമായി ഇടപെട്ട് പോകാനാണ് പാർട്ടി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |