SignIn
Kerala Kaumudi Online
Tuesday, 26 November 2024 1.50 AM IST

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ? രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും വിമർശിച്ച് എംബി രാജേഷ്

Increase Font Size Decrease Font Size Print Page
dr-p-sarin

പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിന്റെ ഹസ്തദാനം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും നിരസിച്ചതിൽ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇരുവരിലും നിന്നുണ്ടായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

പാലക്കാട്ട് വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ചർച്ചയായിരുന്നു. ഹസ്തദാനം നൽകാൻ സരിൻ കൈനീട്ടിയപ്പോഴേയ്ക്കും അത് ശ്രദ്ധിക്കാതെ ഇരുവരും നടക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുന്നത് ദൃശ്യങ്ങളിൽ കാണാം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.

എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല.

ശ്രീ. വി കെ ശ്രീകണ്ഠനോട് 2019ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

എതിർസ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും.

TAGS: DRPSARIN, MBRAJESH, SHAFI PARAMBIL, RAHUL MAMKOOTTATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.