ന്യൂഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്ര നേതൃത്വം. എൽഡിഎഫും യുഡിഎഫും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആരും രാജി വയ്ക്കുന്നുമില്ല പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടുമില്ലെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കർ സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.
'കേരളത്തിലെ ഉപതിരഞ്ഞടുപ്പുകളിൽ ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്‌ചവച്ചത്. മഹാരാഷ്ട്രയിൽ വലിയ വിജയം നേടുകയും ചെയ്തു. 2026ൽ പാലക്കാട് അടക്കമുള്ള നിയമസഭാ സീറ്റുകളിൽ വിജയിക്കും. കേരളരാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ജനങ്ങൾ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുകയാണ്. മിസ്‌ഡ് കോൾ നൽകിയും മുഴുവൻ വിവരങ്ങൾ പങ്കുവച്ചും 15 ലക്ഷത്തിലധികം പേരാണ് ബിജെപിയിൽ സ്വമേധയാ അംഗത്വമെടുത്തത്.
മെമ്പർഷിപ്പ് ഡ്രൈവ് ഇനിയും തുടരും. 8800002024 എന്ന നമ്പറിൽ മിസ്‌ഡ് കോൾ നൽകി ആർക്കുവേണമെങ്കിലും ബിജെപിയിൽ അംഗമാകാം. എൽഡിഎഫും യുഡിഎഫും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആരും രാജി വയ്ക്കുന്നുമില്ല പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടുമില്ല. പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു'- ജാവദേക്കർ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയപ്പെടുകയും പാർട്ടി ഭരിക്കുന്ന കോർപറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്‌ത പശ്ചാത്തലത്തിൽ സുരേന്ദ്രനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |