ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാർത്ഥികളിലൊരാളായിരുന്നു അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. മുപ്പത്തിയഞ്ച് ദിവസമാണ് രേണു ബിഗ് ബോസിൽ നിന്നത്. അവർ എവിക്ട് ആയതായിരുന്നില്ല, സ്വയം വാക്കൗട്ട് നടത്തിയതായിരുന്നു. തിരികെ പോകണമെന്ന് പറഞ്ഞപ്പോൾ അവതാരകനായ മോഹൻലാൽ തന്നെ വീട്ടിലേക്കുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു.
'ഞാൻ ഓക്കെ അല്ല. മെെൻഡ് ഔട്ട് ആണ്. ബിഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോഗ്യം മോശമാണ്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. എട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയിൽ വന്നപ്പോൾ ഒറ്റക്കായി. ഞാനത് ഷോയിൽ പറയുകയും ചെയ്തു. എന്റെ ആരോഗ്യം ഓക്കെ അല്ല അതാണ് ഞാൻ അവിടെ നിന്ന് വന്നത്. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബിഗ് ബോസിൽ വിളിച്ച് കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടി. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഇപ്പോഴും എന്റെ മെെൻഡ് ഓക്കെ ആയിട്ടില്ല'- എന്നായിരുന്നു രേണു സുധി അന്ന് പറഞ്ഞത്.
ബിഗ് ബോസിൽ പങ്കെടുക്കുമ്പോൾ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചും പല തരത്തിലുള്ള കിംവദന്തികൾ പരക്കാറുണ്ട്. ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് ദിവസം അമ്പതിനായിരം രൂപവച്ചാണ് രേണു വാങ്ങിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ. എന്നാൽ അത് നിഷേധിച്ചിരിക്കുകയാണ് രേണു ഇപ്പോൾ.
ദിവസം അമ്പതിനായിരം രൂപ കിട്ടിയെന്ന് പറഞ്ഞിരുന്നത് ശരിയാണോ എന്ന ഓൺലൈൻ ചാനലുകാരുടെ ചോദ്യത്തിനാണ് അല്ലെന്ന് അവർ മറുപടി നൽകിയത്. എത്ര രൂപയാണ് കിട്ടിയതെന്ന് രേണു വെളിപ്പെടുത്തിയിട്ടില്ല. ബിഗ് ബോസിൽ ആര് വിജയിച്ചാലും സന്തോഷമാണെന്നും രേണു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |