SignIn
Kerala Kaumudi Online
Tuesday, 23 September 2025 8.17 PM IST

മലയാളികൾ ഇടയ്‌ക്കിടെ കഴിക്കുന്നു; ഗർഭിണികൾ കഴിച്ചാൽ കുഞ്ഞുങ്ങളിൽ ഓട്ടിസമുണ്ടാകുമെന്ന് പറയുന്നതിൽ കഴമ്പുണ്ടോ?

Increase Font Size Decrease Font Size Print Page
pregnant

പനിയോ തലവേദനയോ അങ്ങനെ എന്ത് അസുഖം വന്നാലും മിക്ക മലയാളികളും കഴിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. ഡോക്‌ടറെപോലും കാണാതെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങിയാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇത് സുരക്ഷിതമാണെന്നാണ് ഏവരും കരുതുന്നത്.

എന്നാൽ ഗർഭിണികൾ വേദനസംഹാരിയായ ടൈലനോൾ അല്ലെങ്കിൽ പാരസെറ്റമോൾ അത്യാവശ്യമല്ലാത്ത സാഹചര്യത്തിൽ കഴിക്കരുതെന്ന നിർദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഗർഭിണികൾ ഈ മരുന്ന് കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന് ഓട്ടിസം പോലുള്ള അവസ്ഥകൾ വരാൻ കാരണമായേക്കാമെന്ന പഠനത്തിന് പിന്നാലെയാണ് ട്രംപിന്റെ നിർദേശം.

യൂട്ടാവാലി സർവകലാശാലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ സംസാരിക്കവേയായിരുന്നു ട്രംപ് ടൈലനോൾ ഓട്ടിസത്തിന് കാരണമാകുമെന്ന് പറഞ്ഞത്.'നിങ്ങൾക്ക് ഇത് അത്ഭുതകരമായി തോന്നുമെന്ന് ഞാൻ കരുതുന്നു. ഓട്ടിസത്തിനുള്ള കാരണത്തെക്കുറിച്ച് നമ്മൾ ഉത്തരം കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു.'- എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. കൂടാതെ ഭരണകൂടം ഇനി ഇത് സംഭവിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.


വേദനയ്ക്കും പനിക്കും ചികിത്സിക്കുന്നതിനുള്ള സുരക്ഷിതമായ ഒരു ഓപ്ഷനായി ടൈലനോൾ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ പരാമർശത്തിന് പിന്നാലെ പല കോണുകളിൽ നിന്ന് ആശങ്കകളുയരുന്നുണ്ട്. അമേരിക്കൻ ആരോഗ്യവിഭാഗവും ചില നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ പനി ഇല്ലെങ്കിൽ ഈ മരുന്ന് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകാൻ ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

എന്താണ് ടൈലനോൾ ? ഉപയോഗം എന്താണ്?


ഗർഭിണികൾ ഉൾപ്പെടെ യുഎസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സാധാരണ വേദന സംഹാരിയാണ് അസറ്റാമിനോഫെൻ. ഇതിൽപ്പെടുന്നതാണ് ടൈലനോൾ. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഇതിനെ പാരസെറ്റമോൾ എന്നാണ് അറിയപ്പെടുന്നത്. ഗർഭകാലത്ത് പല മരുന്നുകളും കഴിക്കുന്നത് ഡോക്ടർമാർ വിലക്കാറുണ്ട്. എന്നാൽ വേദന കുറയ്ക്കാനും പനി മാറാനും ടൈലനോൾ സുരക്ഷിതമാണെന്നാണ് കരുതുന്നത്.


അമേരിക്കയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, ഒരു കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനത്തിലെ വ്യത്യാസമാണ് ഓട്ടിസം. ഇത് പെരുമാറ്റമടക്കമുള്ള കാര്യങ്ങളിൽ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. ശരീരിക പരിമിതികൾ, ആവർത്തിച്ചുള്ള ചലനങ്ങളോ സംസാരമോ ഒക്കെയുണ്ടാകാം.

ഏത് പ്രായത്തിലും ഓട്ടിസം കണ്ടെത്താം. സാധാരണയായി രണ്ട് വയസിനുള്ളിൽത്തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങാം. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് (NIMH) ഇതിനെ 'ഡെവലപ്‌മെന്റ് ഡിസോർഡർ'എന്നാണ് വിളിക്കുന്നത്.

ഗർഭകാലത്തെ ടൈലനോൾ ഉപയോഗവും ഓട്ടിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഗർഭിണിയായിരിക്കെ ടൈലനോൾ കഴിക്കുന്നത് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പ്രഖ്യാപിക്കാൻ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ തയ്യാറെടുക്കുന്നതായി ഈ മാസം ആദ്യം വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഗർഭകാലത്തെ പാരസെറ്റമോൾ ഉപയോഗം കുഞ്ഞുങ്ങളിൽ ഓട്ടിസം, എഡിഎച്ച്ഡി (അറ്റൻഷൻഡെഫിസിറ്റ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ) എന്നിവയുടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇക്വിറ്റി റിസർച്ച്, എന്നിവടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, സ്വീഡനിലെ രണ്ട് ദശലക്ഷത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ അത്തരമൊരു ബന്ധം കണ്ടെത്തിയില്ലെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


സംഭവത്തിൽ ടൈലനോൾ നിർമാതാക്കളും പ്രതികരിച്ചിട്ടുണ്ട്. 'അസെറ്റാമിനോഫെൻ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകില്ലെന്ന് ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഗർഭിണികൾക്ക് ഇത് അപകടമാണെന്ന അഭിപ്രായങ്ങളോട് ഞങ്ങൾ ശക്തമായി വിയോജിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നു.' ടൈലനോൾ നിർമ്മാതാക്കളായ കെൻവ്യൂ ഒരു പ്രസ്താവനയിൽ പറഞ്ഞു

TAGS: PARACETAMOL, LATEST, EXPLAINER, AUTISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.