തിരുവനന്തപുരം: കൊപ്ര പൂഴ്‌ത്തിവച്ച് ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കൂട്ടാമെന്ന കരിഞ്ചന്ത ലോബിയുടെ തന്ത്രം പൊളിഞ്ഞു. മൊത്ത വ്യാപാരികളെ മറികടന്ന് കമ്പനികൾ കർഷകരിൽ നിന്ന് കൊപ്ര സംഭരിക്കുന്നതും, ഓണക്കാലത്ത് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകാൻ സർക്കാർ തീരുമാനിച്ചതുമാണ് വിലക്കുറവിന് വഴിയൊരുക്കിയത്. ഇതോടെ മൊത്തവിപണിയിൽ അഞ്ഞൂറ് പിന്നിട്ട വെളിച്ചെണ്ണ വില ഇന്നലെ 395-425 രൂപയിലേക്ക് താഴ്ന്നു. ഓണമെത്തുമ്പോഴേക്കും ലിറ്ററിന് 350 രൂപയാകാൻ സാദ്ധ്യത. ഓണത്തിന് വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
കിലോഗ്രാമിന് 270 - 280രൂപയ്ക്കു വിറ്റിരുന്ന കൊപ്ര വില ശനിയാഴ്ച 215 - 220 ആയി. കേരളത്തിലേക്ക് കൊപ്ര കൂടുതലുമെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഓണക്കാലം കണക്കിലെടുത്ത് തമിഴ്നാട്ടിലെ കർഷകരിൽ നിന്ന് മൊത്ത വ്യാപാരികൾ വൻതോതിൽ കൊപ്ര ശേഖരിച്ചിരുന്നു. ഇതു കൊള്ളലാഭത്തിനാണെന്ന് മനസിലാക്കിയ വൻകിട കമ്പനികൾ കർഷകരിൽ നിന്ന് നേരിട്ട് തേങ്ങയും കൊപ്രയും വാങ്ങാൻ മുന്നിട്ടിറങ്ങി. മികച്ച വിളവുണ്ടായ കർണാടകയിൽ നിന്ന് തേങ്ങ കൂടുതലായി കേരളത്തിലേക്ക് എത്താനും തുടങ്ങി. ഇതോടെ പൂഴ്‌ത്തിവച്ചിരുന്ന കൊപ്ര വിൽക്കാൻ മൊത്ത വ്യാപാരികൾ നിർബന്ധിതരുമായി.
ലിറ്ററിന് സബ്സിഡി 349 രൂപ
ഓണം വിപണിയിലേക്ക് സപ്ലൈകോ 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണ എല്ലാ ഔട്ട്ലെറ്റുകളിലുമായി ആദ്യ ഘട്ടത്തിലെത്തിക്കും. ഇന്നും നാളെയുമായി എല്ലാ ഔട്ട്ലെറ്റുകളിലും വെളിച്ചെണ്ണ എത്തും. സബ്സിഡി വെളിച്ചെണ്ണയ്‌ക്ക് ലിറ്ററിന് 349 രൂപയ്‌ക്കാകും വില്പ. രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ കേരയും സപ്ലൈകോയിൽ എത്തിക്കും. 457 രൂപയാണ് വില.
250 കോടി പ്രതീക്ഷയിൽ സപ്ലൈകോ
ആഗസ്റ്റിൽ പ്രതീക്ഷിക്കുന്ന വിറ്രുവരവ്- 250 കോടി രൂപ
ആഗസ്റ്റിലെ പ്രതിദിന വിറ്റുവരവ് - 9 കോടി
ജൂലായിലെ പ്രതിദിന വിറ്റുവരവ്- 6 കോടി
സാധനങ്ങൾക്ക് ക്ഷാമമുണ്ടായപ്പോൾ വിറ്റുവരവ്- ഒരു കോടി
ജൂലായിൽ ഔട്ട്ലെറ്റുകളിലെത്തിയ റേഷൻ കാർഡുടമകൾ- 39 ലക്ഷം
'വില കുറയുന്നത് സർക്കാരിന്റെ ഇടപെടൽ ഫലപ്രദമാകുന്നതിന്റെ തെളിവാണ്. പൊതുവിപണിയിൽ വില കുറയുന്നതിന് ആനുപാതികമായി സപ്ലൈകോ സബ്സിഡി നിരക്കിൽ വിൽക്കുന്ന വെളിച്ചെണ്ണ വിലയിലും കുറവുണ്ടാകും.""
- ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |