കൊച്ചി: ട്രോളിംഗ് നിരോധനമെന്നാല്‍ അത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നല്ലകാലമെന്നും വിശേഷിപ്പിക്കാറുണ്ട്. മീനുകളുടെ ലഭ്യത ആദ്യ ദിനങ്ങളില്‍ കുറവാണെങ്കിലും മത്സ്യബന്ധനമേഖല കൂടുതല്‍ സജീവമാകുമെന്നതാണ് പ്രത്യേകത. യന്ത്രബോട്ടുകളിലെ മീന്‍പിടുത്തത്തിന് വിലക്കുള്ളതിനാല്‍ ചെറുവള്ളങ്ങളില്‍ നിറയെ മത്സ്യം കിട്ടും പരമ്പരാഗത തൊഴിലാളികള്‍ക്ക്. ട്രോളിംഗ് നിരോധനമുള്ളതിനാല്‍ കൂടുതല്‍ മീന്‍ കിട്ടുകയും നല്ല വില ലഭിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം വള്ളക്കാര്‍ക്കു ചാള, നത്തോലി, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും പൂവാലന്‍ ചെമ്മിനുകളും ലഭിച്ചത്. പുലര്‍ച്ചെ അടുത്ത വള്ളങ്ങള്‍ക്കു കിട്ടിയ ചാളയ്ക്കു ചെല്ലാനം ഹാര്‍ബറില്‍ 200 രൂപ മുതല്‍ 230 രൂപ വരെ വില കിട്ടിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് ഹാര്‍ബറില്‍ എത്തി മീന്‍ വാങ്ങുന്നവര്‍ക്ക് ലാഭമാണ്. കൊള്ള വില നല്‍കാതെ നല്ല മീന്‍ ലഭിക്കുമെന്നതാണ് സാധാരണക്കാര്‍ക്കുള്ള നേട്ടം.
ഈ അവസരം പരമാവധി മുതലാക്കാന്‍ ഇടനിലക്കാരും സജീവമാണ്. യന്ത്ര ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മീന്‍ വാങ്ങിയ ശേഷം അവര്‍ക്ക് തുച്ഛമായ വില നല്‍കുകയും കൂടിയ വിലയ്ക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്ന പ്രവണതയും ഈ സീസണില്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ്.
കടലില്‍ കപ്പല്‍ മുങ്ങി കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ പൂര്‍ണമായും മാറിയിട്ടില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ കിഴക്കന്‍ ജില്ലകളില്‍ കടല്‍ മത്സ്യത്തിന് ആവശ്യക്കാര്‍ കൂടുതലുണ്ടെങ്കിലും കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കടല്‍ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ലഭിക്കുന്ന മത്സ്യത്തിന് വില ലഭിക്കുന്നില്ലെന്നതു മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |