ട്രോളിംഗ് നിരോധനമായതോടെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം സംസ്ഥാനത്തെ 2.75 ലക്ഷം പേരുടെ ജീവിതമാണ് ദുരിതത്തിലായത്. ജൂലായ് 31 അർദ്ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് ഏർപ്പെടുത്തിയാൽ സാധാരണ ഘട്ടങ്ങളിൽ പരമ്പരാഗതമായി ചെറുവള്ളങ്ങളിൽ പോയി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും പ്രതീക്ഷയുണ്ടാകാറുണ്ട്. മുൻ കാലഘട്ടങ്ങളിൽ വലിയ ബോട്ടുകാർ മീൻ അടിത്തട്ടിൽ നിന്നും അരിച്ചെടുത്ത് കൊണ്ടുപോകാത്തതിനാൽ കുറച്ചെങ്കിലും മത്സ്യം വള്ളങ്ങളുമായി പോകുന്നവരുടെ വലയിൽ കുടുങ്ങും. എന്നാൽ ഈ വർഷം സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. പേരിന് പോലും മീൻ കിട്ടാത്ത ദുരവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യ ലഭ്യതയിൽ വന്നിരിക്കുന്ന ഇത്രയും വലിയ കുറവ് തൊഴിലാളികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വലിയ മത്സ്യബന്ധന ബോട്ടുകളുടെ അമിതമായ കടന്നുകയറ്റവും മുൻ വർഷങ്ങളിലെ കാലാവസ്ഥ വ്യതിയാനവുമാണ് കടലിൽ മത്സ്യലഭ്യത കുറയാനുള്ള കാരണമായി ഇവർ പറയുന്നത്. കാലാവസ്ഥ വ്യതിയാനം കേരള തീരത്തെ മത്സ്യലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങളും പറയുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ പുറത്ത് നിന്നുള്ള മീനുകളുടെ വരവ് കൂടിയിട്ടുണ്ട്. ഇവയിൽ കൃത്യമായി ഐസ് ഇടാത്തത് മൂലം പെട്ടന്ന് അഴുകുന്നതായി പലരും പരാതി പറയുന്നുണ്ട്. മാത്രമല്ല, വേഗത്തിൽ കേടാവാതിരിക്കാനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളും വിപണിയിലെത്തുന്നുണ്ട്.
ട്രോളിംഗ് നിരോധനത്തിന് ശേഷം ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തി വേണം ബോട്ടുകൾ വള്ളത്തിലിറക്കാൻ. അധിക പേരും ആധാരം പണയം വച്ചും ലോണെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
ദുരിത ജീവിതം
നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്. പല ദിവസങ്ങളിലും ഡീസൽ തുക ലഭിക്കാറില്ല. പിടിച്ചുനിൽക്കാൻ പ്രയാസമാകുന്നതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ഹാർബറുകളിലെ ലേലക്കാർ, ചുമട്ടു തൊഴിലാളികൾ, ചരക്ക് തിരിയുന്നവർ, സംസ്‌കരണ ഫാക്ടറികളിലെ പീലിംഗ് തൊഴിലാളികൾ, വലകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നവർ തുടങ്ങിയവർക്കും ട്രോളിംഗ് നിരോധനമായതോടെ തൊഴിലില്ലാത്ത സ്ഥിതിയാണ്.
ചെറുപ്പക്കാർ മത്സ്യബന്ധന മേഖലയിലേക്ക് വരുന്നത് കുറവാണെന്നതിനാൽ ബോട്ടുകളിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരിൽ പലരും മത്സ്യ ലഭ്യതക്കുറവ് മൂലം നാട്ടിൽ പോയി. വരുമാനം കുറവായതിനാൽ യുവാക്കൾ മറ്റ് മേഖലകൾ തേടി പോകുന്നതും പതിവാണ്. വലിയ ബോട്ടുകളിൽ പോയി മീൻ ലഭിക്കാതെ തിരിച്ചുവരുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നത്. 100 കണക്കിന് ബോട്ടുകളും വള്ളങ്ങളുമുണ്ടായിരുന്ന പല മേഖലകളിലും ഇപ്പോൾ പേരിന് മാത്രമായി സർവീസുകൾ. ട്രോളിംഗ് കഴിഞ്ഞാലും സർക്കാർ ഇടപെട്ട് അനധികൃത മത്സ്യ ബന്ധനം തടയാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
വേണം പ്രത്യേക പാക്കേജ്
വലിയ നഷ്ടം നേരിടുന്ന മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പല മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നുണ്ട്. സാധാരണയായി ഈ സമയത്ത് ലഭിക്കേണ്ട മത്സ്യത്തിന്റെ നാലിലൊന്ന് പോലും കിട്ടാത്തതോടെ കുടുംബം പുലർത്താൻ നെട്ടോട്ടമോടുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യ ലഭ്യത കുറഞ്ഞതോടെ ഹാർബറിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായിട്ടുണ്ട്. വായ്പകളുടെ തിരിച്ചടവും രജിസ്‌ട്രേഷൻ പുതുക്കലുമെല്ലാം താളം തെറ്റിയ സ്ഥിതിയിലാണ് ഇവർ. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഫലപ്രദമായ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ ഈ വലിയ പ്രതിസന്ധിയിൽ നിന്നും അവർക്ക് കര കയറാൻ സാധിക്കൂ.
ഫിഷറീസ് തൊഴിലാളികൾക്ക് പലിശ രഹിത വായ്പ അനുവദിക്കുന്നുണ്ടെങ്കലും കിട്ടുന്ന മത്സ്യത്തിന്റെ തുകയുടെ രണ്ട് ശതമാനം കമ്മിഷനായി കൊടുക്കുകയും വേണം.വർഷത്തിൽ 150തോളം ദിവസങ്ങളിലെ മത്സ്യം കിട്ടുകയുള്ളു എന്നും അതിന്റെ കൂടെ പണം നൽകുമ്പോൾ നഷ്ടമാണുണ്ടാക്കുന്നത്. ഇതിനു പുറമെ കടൽ മാക്രി ശല്യവും ജില്ലയിൽ രൂക്ഷമാണ്. ഇവ വല മുറിക്കുന്നതും വലിയ നഷ്ടത്തിന് കാരണമാകാറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
കപ്പൽ മുങ്ങി കണ്ടെയ്നർ കടലിൽ വീണതോടെ മത്സ്യക്കച്ചവടം ഇടിഞ്ഞിട്ടും മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയിൽ നിന്നുള്ള സഹായധനം സർക്കാർ അനുവദിച്ചിട്ടില്ല. മത്സ്യമേഖലയിലെ പഞ്ഞമാസം എന്നറിയപ്പെടുന്ന മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ 1500 രൂപ വീതമാണ് പദ്ധതിയിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ഇതിൽ 1500 രൂപ മൂന്ന് ഘട്ടങ്ങളായി തൊഴിലാളികൾ തന്നെ അടച്ചതാണ്. ബാക്കി 1500 രൂപ വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതമാണ്. 1.72 ലക്ഷം മത്സ്യത്തൊഴിലാളികൾ പദ്ധതിയിൽ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |