തിരുവനന്തപുരം: ആഴക്കടലിൽനിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ പിടിച്ചെടുക്കാൻ വൻകിട കമ്പനികളുടെ യാനങ്ങൾ വരുന്നു. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയാണിത്. ആഴക്കടലിലെ മത്സ്യസമ്പത്ത് വേണ്ടത്ര പിടിച്ചെടുക്കാൻ നിലവിലെ രീതികൊണ്ട് കഴിയുന്നില്ലെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് വൻകിട കമ്പനികൾക്ക് അതിനുളള അവസരം നൽകുന്നത്. ഈ രംഗത്തെ സംരംഭകരുടെ യോഗം കേന്ദ്ര ഫിഷറീസ് മന്ത്രാലയം കഴിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു.
50 മീറ്റർവരെ നീളമുള്ള യാനങ്ങൾ ഇതിനായി ഉപയോഗിക്കാനാണ് നിർദ്ദേശം. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്ക് 24 മീറ്ററിൽ താഴെ മാത്രമാണ് നീളം. 50 മീറ്റർവരെ നീളമുള്ള യാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ കപ്പലുകളും ഇതിനായി ഉപയോഗിക്കാം. പുതിയ യാനങ്ങൾ നിർമ്മിക്കാൻ 50 ശതമാനം വരെ സബ്‌സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേന്ദ്ര തീരുമാനം മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ ഗുരുത പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തുന്നത്. വൻകിട മീൻപിടിത്ത കപ്പലുകൾ രംഗത്തെത്തുന്നതോടെ ചെറുകിട യാനങ്ങൾക്കും ബോട്ടുകൾക്കും മത്സ്യ ലഭ്യത തീരെകുറയും. പിടിച്ചെടുക്കുന്ന മത്സ്യം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരു നിർബന്ധവുമില്ല. അതിനാൽ പുറംകടലിൽ വച്ചുതന്നെ മറ്റുള്ളവർക്ക് കൈമാറാൻ കഴിയും. അതോടെ കേരളത്തിൽ മത്സ്യം കിട്ടാക്കനിയാവും.
മീൻപിടിത്തത്തിനൊപ്പം മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. ഇതിനൊപ്പം വൻ തോതിൽ മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യനാശത്തിനും കാരണമാകും. രാജ്യത്തിന്റെ കടലിൽ വിദേശ കപ്പലുകൾ മീൻപിടിക്കാൻ എത്തുന്നതിനെ കേരളംപോലുള്ള സംസ്ഥാനങ്ങൾ ശക്തമായി നേരത്തേതന്നെ എതിർത്തിരുന്നു. ഒടുവിൽ കേന്ദ്രവും അത് വിലക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |