കൊച്ചി: മത്സ്യ ലഭ്യതക്കുറവ് മൂലമുള്ള പ്രതിസന്ധി തുടരുന്നതിനിടെ ആഴക്കടൽ മത്സ്യബന്ധനത്തിന് കൂടുതൽ വൻകിട കപ്പലുകളെ അനുവദിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കി. തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി, കപ്പൽ വാങ്ങാൻ സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതാണ് പദ്ധതി.
ബ്ളൂ ഇക്കോണമിയുടെ ഭാഗമായ പദ്ധതി സംബന്ധിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിളിച്ച യോഗത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജെ.കെ. ജേന തുടങ്ങിയവർ പങ്കെടുത്തിരുന്നു.പദ്ധതിക്കായി കപ്പലുകൾ വാങ്ങാൻ 50 ശതമാനം സബ്‌സിഡി നൽകും. ആഴക്കടലിൽ പിടിക്കുന്ന മത്സ്യങ്ങൾ കരയിലെത്തിക്കാനുള്ള യാനങ്ങളും ഇന്ധന സബ്‌സിഡിയും അനുവദിക്കും. കേരളം, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സംരംഭകർ അപേക്ഷിച്ചിട്ടുണ്ട്.
ആഴക്കടലിൽ കൂടുതൽ കപ്പലുകൾ മത്സ്യബന്ധനം നടത്തുന്നത് തീരദേശത്തെ മത്സ്യയിനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും പ്രതിഷേധവും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ആയിരത്തോളം ബോട്ടുകളുണ്ട്. 24 മീറ്ററിൽ താഴെ വലിപ്പമുള്ള ഇവയാണ് ഒമ്പതിനം ട്യൂണകൾ, ഓലക്കൊടി, മുറപ്പടവൻ, മോത തുടങ്ങിയ മത്സ്യങ്ങളെ പിടിക്കുന്നത്. കന്യാകുമാരി തുത്തൂരിലെ തൊഴിലാളികളാണ് ഇതിൽ പ്രാഗത്ഭ്യമുള്ളവർ. വൻകിട കപ്പലുകൾ വർദ്ധിച്ചാൽ ഇവർക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്നും ആശങ്കയുണ്ട്..
3.10 ലക്ഷം യാനങ്ങൾ
രാജ്യത്ത് 3.10 ലക്ഷം മത്സ്യബന്ധന യാനങ്ങളുണ്ടെന്നാണ് കണക്ക്. സുസ്ഥിര മത്സ്യബന്ധനത്തിന് 97,000 യാനങ്ങൾ മതിയെന്നാണ് വിലയിരുത്തൽ.
ബ്ളൂ ഇക്കോണമി
കടൽ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക ലക്ഷ്യം. കയറ്റുമതി സാദ്ധ്യതയുള്ള മത്സ്യങ്ങൾ വ്യവസായാടിസ്ഥാനത്തിൽ പിടിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
''വൻകിട കപ്പലുകൾ വർദ്ധിക്കുന്നത് മത്സ്യമേഖലയെ തകർക്കും. പരമ്പരാഗത സമൂഹത്തെ ദരിദ്രരാക്കും.."
ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി
ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |