കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവെ സ്റ്റേഷൻ വരുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർഎൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകി. 19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇതിനായി ചെലവ് വരിക. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
2010ൽ ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ റെയിൽവെ സ്‌റ്റേഷന് തറക്കല്ലിട്ടിരുന്നു. എന്നാൽ പദ്ധതിയുമായി റെയിൽവെ മുന്നോട്ടുപോയില്ല. ബെന്നി ബെഹന്നാൻ എംപി വിഷയം അടുത്തിടെ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. റെയിൽവെ സ്‌റ്റേഷനായുള്ള രൂപരേഖയിൽ സ്റ്റേഷന്റെ സ്ഥാനം സോളാർ പാടത്തിന്റെ ഭാഗത്ത് നീക്കിയിട്ടുണ്ട്. റെയിൽവെയുടെ ഉടമസ്ഥതതിയിലുള്ള ഭൂമി ട്രാക്കിന് ഇരുവശത്തും ലഭ്യമാണ്.
24 കോച്ചുകൾ നിർത്താൻ സാധിക്കുന്ന രണ്ട് പ്ലാറ്റ്ഫോമുകൾ നിർമ്മിക്കും. അത്താണി ജംഗ്ഷൻ- എയർപോർട്ട് റോഡിലെ മേൽപ്പാലം കഴിഞ്ഞിട്ടായിരിക്കും പ്ലാറ്റ്‌ഫോം ആരംഭിക്കുക. സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും ഇവിടെ സ്‌റ്റോപ്പുണ്ടാകും. ഇതോടൊപ്പം ഇന്റർസിറ്റി ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും. റൺവേയുടെ അതിർത്തിയിലുള്ള ചൊവ്വര-നെടുവന്നൂർ എയർപോർട്ട് റോഡിലേക്കാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് ഇറങ്ങിയാൽ എത്തുക.
മേൽപ്പാലത്തിന് താഴെയുള്ള റോഡിലൂടെ ഒന്നരകിലോ മീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും. ഈ റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ അടക്കം സർവീസ് നടത്തും. കൊച്ചിൻ എയർപോർട്ട് എന്ന പേരാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ റെയിൽവെ സ്റ്റേഷൻ യഥാർത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |