പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം
കോഴിക്കോട്: പതിനഞ്ചു കൊല്ലം മുമ്പ് സംസ്ഥാനത്ത് 34,000 ബസ് സര്‍വീസുകളുണ്ടായിരുന്നത് നഷ്ടത്തെ തുടര്‍ന്ന് ഏഴായിരമായി ചുരുങ്ങിയെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ദീര്‍ഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ പുതുക്കുമ്പോള്‍ ഓര്‍ഡിനറിയാക്കി മാറ്റി അവ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുകയാണ്. ദിവസം 14,000 രൂപ നഷ്ടമുണ്ടാക്കുകയാണ് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിന്റെ തെറ്റായ നയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 34,000 സര്‍വീസുണ്ടായിരുന്നത് ഏഴായിരമായി കുറഞ്ഞു. ദൂരപരിധി നോക്കാതെ നിലവിലുള്ള പെര്‍മിറ്റുകള്‍ അതേപടി പുതുക്കണം.വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം. നിലവില്‍ ടിക്കറ്റിന്റെ പത്ത് ശതമാനമാണ്. ഉടമയോ ജീവനക്കാരോ അറിയാതെ വാഹനത്തിന്റെ ഫോട്ടോയെടുത്ത് ഏകപക്ഷീയമായി പിഴ ചുമത്തുന്നത് നിറുത്തണം. ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം. നിസാര കാര്യങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. പൊതുവായ ഗതാഗത നയം രൂപീകരിക്കണം. ചെലവ് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ റഗുലേറ്ററി കമ്മിഷനെ നിയമിക്കണം. ഡിറ്റക്ഷന്‍ സെന്‍സര്‍ ക്യാമറ ഘടിപ്പിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമം 25ന്
ബസുടമകളുടെ ഉത്തരമേഖലാ പ്രതിഷേധ സംഗമവും പ്രകടനവും 25ന് വൈകിട്ട് നാലിന് കോഴിക്കോട്ട് നടക്കും. സ്റ്റേഡിയം പരിസരത്തു നിന്ന് തുടങ്ങുന്ന പ്രകടനം മുതലക്കുളം മൈതാനിയില്‍ സമാപിക്കും. സമ്മേളനം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പി.വി. ചന്ദ്രന്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഏപ്രിലില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍വീസ് നിറുത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, കെ.ടി.വാസുദേവന്‍, എം.പി. ഹരിദാസ്, ടി.കെ. ബീരാന്‍കോയ, കുഞ്ഞമ്മദ് വടകര തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |