കൊച്ചി: പകൽ പൊള്ളുന്ന ചൂട്. രാത്രിയിൽ കനത്ത തണുപ്പും! ജില്ലയും ' അസാധാരണ കാലാവസ്ഥാ" പിടിയിൽ. ജനുവരി പകുതി മുതൽ ഫെബ്രുവരി അവസാനം വരെ ഈ കാലാവസ്ഥ പതിവാണ്. എന്നാൽ, പകൽച്ചൂടിൽ ജില്ല ഇപ്പോഴേ വിയർത്തൊഴുകി. ഏതാണ്ട് മാർച്ച് മാസങ്ങളിൽ വീടിന് പുറത്തിറങ്ങിയപോലെ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകൽ താപനില വർദ്ധിച്ച് 0.5 ഡിഗ്രി സെൽഷ്യസ് മുതൽ ഒന്നു വരെയായി. ജില്ലയിൽ ഇന്നലെ പകൽ കൂടിയ താപനില 33.9 ഉം കുറഞ്ഞത് 22.4 ഡിഗ്രി സെൽഷ്യസും.
ഈമാസം ആദ്യം അനുഭവപ്പെട്ട ഭേദപ്പെട്ട കാലാവസ്ഥയിൽ നിന്ന് മാസാവസാനം എത്തിയപ്പോഴേക്കും വളരെ പെട്ടെന്നാണ് ചൂട് കൂടിയത്. കുറഞ്ഞ താപനില 25 ഡിഗ്രിക്ക് മുകളിലേക്ക് പോകുന്നതിനും കൂടിയ താപനില 38 ഡിഗ്രിയിലെത്താനും സാദ്ധ്യതയുണ്ട്. നിലവിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നും നാളെയും ചൂട് കുറവായിരിക്കുമെന്നാണ് പ്രവചനം. തുടർന്നുള്ള ദിവസങ്ങളിൽ ചൂട് ഇനിയും ഉയരും. തെക്കൻ-മദ്ധ്യകേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ ചൂട് കൂടുതലാണെന്ന് കൊച്ചി സർവകലാശാലയിലെ കാലാവസ്ഥാ പഠനവിഭാഗം പറഞ്ഞു.
കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയിട്ടുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. ജില്ലയിൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
ജില്ലയിലില്ല മഴ
ഇന്ന് തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും ജില്ലയിൽ മഴയ്ക്കുള്ള സാദ്ധ്യതയില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും
ശ്രദ്ധിക്കേണ്ടത്
രാവിലെ 11 മുതൽ രണ്ട് വരെയുള്ള വെയിൽ കൊള്ളരുത്
കുടയോ തൊപ്പിയോ ഉപയോഗിക്കണം
ധാരാളം വെള്ളം കുടിക്കണം
കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം
പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്
ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം
പക്ഷിമൃഗാദികൾക്ക് ജലലഭ്യത ഉറപ്പാക്കുക
ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക
ഫുഡ് ഡെലവിറി ജീവനക്കാരുടെ സുരക്ഷാ സ്ഥാപനങ്ങൾ ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |