ആലപ്പുഴ: സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും ധനവകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായില്ല. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെ നിയമിക്കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങൾ അടുത്ത ആഴ്ച മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിലാണ് ധനവകുപ്പ് തസ്തിക അനുവദിക്കാത്തത്. ആദ്യം 380 ജീവനക്കാരെയാണ് ആവശ്യപ്പെട്ടത്. ധനകാര്യ വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു. ക്ളീനിംഗ് തൊഴിലാളികളെ ആശുപത്രി വികസന സമിതി ദിവസവേതനത്തിൽ നിയമിക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഒരമാസം മുമ്പാണ് കേന്ദ്രീകൃത ഐ.സിയുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.
പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ 250രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകാനാകും. പ്രവർത്തനം വൈകുന്നത് കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളും ഉപകരണങ്ങളും നശിക്കാൻ ഇടയാക്കും. കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ(പി.എം.എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ചാണ് ആറു നില കെട്ടിട സമുച്ചയം നിർമ്മിച്ചത്.
അത്യാധുനിക സൗകര്യങ്ങൾ
അത്യാഹിത വിഭാഗംത്തിൽ എക്സ് റേ, സി.ടി സ്‌കാൻ, എം.ആർ.എ, അൾട്രാ സൗണ്ട് സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളുമുണ്ട്. ഓരോ ഡിപ്പാർട്ട്മെന്റിലെയും തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകളും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികളുമുണ്ട്. എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ എന്നിവയും പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാളുമുണ്ട്.
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, നെഫ്രോളജി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി
തീവ്രപരിചരണം
കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോ തെറാപ്പി, ട്രാൻസ് പ്‌ളാന്റേഷൻ, പോസ്റ്റ് കാത്ത്
ജീവനക്കാർ
(ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്‌നിഷൻ)
ആവശ്യമായത്.........380
ആവശ്യപ്പെട്ടത്.........200
സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ വിഭാഗങ്ങളുടെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽ ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങൾ പൂർണ്ണമായും മാറ്റും. മാറ്റുന്ന വിഭാഗങ്ങളുടെ ജീവനക്കാരെയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റും.
- ഡോ.ടി.കെ.സുമ, പ്രസിൻസിപ്പൽ, മെഡിക്കൽ കോളേജ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |