ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന രാഷ്ട്രീയപാർട്ടികൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി, ബി.ഡി.ജെ.എസ്, ലീഗ് തുടങ്ങിയ പാർട്ടികളാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തുകളിലെ വാർഡ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ പ്രഖ്യാപിക്കാത്തതിനാലാണ് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്താനാകാത്തത്. വാർഡ് കമ്മിറ്റി രൂപീകരണത്തിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളാകും ഉയർത്തി കാട്ടുക. പ്രധാന രാഷ്ട്രീയ പാർട്ടികൾ വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ച ശേഷമായിരിക്കും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ തലത്തിലുള്ള മുന്നണികളുടെ കമ്മിറ്റികൾക്ക് രൂപം നൽകുക.
സി.പി.എം
വാർഡ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം സമയബന്ധിതമായി വാർഡ് കമ്മിറ്റി രൂപീകരിക്കും. ബ്ളോക്ക്, ജില്ല പഞ്ചായത്തുകളുടെയും ഡിവിഷൻ വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സർക്കാരിന്റെ വികസനങ്ങൾ ജനങ്ങളിൽ എത്തിക്കും. വികസനത്തിന് മുൻതൂക്കം നൽകി ഗ്രാമീണ റോഡുകൾ, വെള്ളം, വെളിച്ചം, ഭവന നിർമ്മാണം എന്നിവയിലെ തടസങ്ങൾ മാറ്റി പഞ്ചായത്ത് സമിതികൾ വേഗത്തിൽ പൂർത്തികരിക്കുന്നതിനാണ് മുൻതൂക്കം നൽകിയിട്ടുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
കോൺഗ്രസ്
ഗ്രാമ പഞ്ചായത്തുകളിലെ വാർഡ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ജില്ലയിൽ 70ശതമാനം വാർഡുകളിലും വാർഡ് കമ്മിറ്റി രൂപീകരണം പൂർത്തൂകരിച്ചു. ഇനി 400ഓളം വാർഡുകളിൽ കൂടി കമ്മിറ്റികൾ രൂപീകരിക്കണം. വാർഡ് വിഭജനത്തിന്റെ കരടിനെതിരെ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. നിയമപരമല്ലാതെ വാർഡ് വിഭജനം നടത്തിയാൽ കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു.
സി.പി.ഐ
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലതലത്തിലും 16 മണ്ഡലങ്ങളിലും ശില്പശാലകൾ നടത്തി. പഞ്ചായത്ത്, നിയോജകമണ്ഡലം തലത്തിൽ പ്രധാന നേതാക്കളുടെ യോഗം നടന്നു വരുന്നു. പാർട്ടി സമ്മേളനത്തിന്റെ തിരക്കിനിടയിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തുന്നതെന്ന് സി.പി.ഐ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.
എൻ.ഡി.എ
ബി.ഡി.ജെ.എസ്, ബി.ജെ.പി വാർഡ് കമ്മിറ്റി രൂപീകരണം 15ന് ശേഷം നടക്കും. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരിക്കും പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
ജില്ലയിൽ
ജില്ലാ പഞ്ചായത്ത്: ഒന്ന്
ബ്ളോക്ക് പഞ്ചായത്ത് : 12
ഗ്രാമപഞ്ചായത്ത്: 72
നഗരസഭ : 6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |