ആലപ്പുഴ: ആയുർവേദ മരുന്നിന്റെ ഉപയോഗവും ചികിത്സയും മലയാളികൾ വേണ്ടത്ര പ്രാധാന്യത്തോടെ കാണുന്നില്ലെന്ന് ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്ജ് പറഞ്ഞു. ആയുർവേദം വളർന്നാൽ ടൂറിസവും വളരും.
കഴിഞ്ഞ മൂന്നര വർഷത്തെ ഔഷധിയുടെ മരുന്ന് വില്പനയിൽ 75കോടിരൂപ വർദ്ധിച്ചു. കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് വാങ്ങിയ മരുന്നിന്റെ കണക്ക് പരിശോധിച്ചാൽ വളരെ കുറച്ചു മാത്രമാണ് ഇതിലുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള പഠനത്തിൽ സംസ്ഥാനത്തിന് പുറത്ത് ആയുർവേദത്തിന് നൽകുന്ന പ്രാധാന്യം മലയാളികളുടെ ഇടയിൽ കുറവാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. തെറ്റായ പരസ്യ പ്രചരണമാണ് ഇതിന് പ്രധാന കാരണം. സത്യസന്ധമായി ആയുർവേദത്തെയും ചികിത്സയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞാൽ വലിയമാറ്റം ഉണ്ടാകും. ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിൽ നല്ല ചികിത്സ നൽകുന്നതിനാൽ കിടക്കകൾ മുൻകൂട്ടി ബുക്കു ചെയ്താലും ലഭിക്കാത്ത സ്ഥിതിയാണ്. യു.എ.ഇ ഭരണാധികാരി പോലും അവിടെ എത്തിയിരുന്നു. അലോപ്പതിയേക്കാൾ മികച്ച ചികിത്സയാണ് ആയുർവേദത്തിന്റെത്. രോഗത്തെ വേരോടെ അറുത്ത് മാറ്റാൻ കഴിയുന്ന ചികിത്സയും മരുന്നുമാണ് ആയുർവേദത്തിലുള്ളത്. അത് പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. സഞ്ചാരിക്ക് കൂടുതൽ ദിവസം താമസിച്ച് ആയുർവേദ ചികിത്സക്കുള്ള സംവിധാനം ഉണ്ടെങ്കിൽ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും. അതിനുള്ള സംവിധാനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ശോഭനാജോർജ്ജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |