തുറവൂർ: ദേശീയപാത വികസനം നടക്കുന്ന അരൂർ - ഒറ്റപ്പുന്ന പാതയിൽ 2 വർഷത്തിനിടെ പൊലിഞ്ഞത് 30 ജീവനുകൾ. ദേശീയപാതയിൽ തുറവൂർ മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ, തുറവൂരിന് തെക്കോട്ട് ആറുവരിപ്പാത എന്നിവയുടെ നിർമ്മാണം ആരംഭിച്ചതു മുതലാണ് അപകട മരണങ്ങളുടെ എണ്ണം കൂടിയത്. കഴിഞ്ഞ വർഷം മാത്രം അരൂർ - തുറവൂർ പാതയിലുണ്ടായ അപകടങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 25 ആണ്. ഇതിന്റെ ഇരട്ടിയിലധികമാണ് രജിസ്റ്റർ ചെയ്യാത്ത കേസുകളുടെ എണ്ണം.
റോഡപകടങ്ങളിൽ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരും അനവധി. കഴിഞ്ഞ ബുധനാഴ്ച തുറവൂർ എൻ.സി.സി കവലയ്ക്ക് തെക്കുവശം ബൈക്ക് യാത്രികനായ യുവാവ് ലോറിയ്ക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ചതാണ് അവസാന സംഭവം. അപകടങ്ങളിൽ കൂടുതലും മരിച്ചത് കാൽനട - ഇരുചക്രവാഹന യാത്രക്കാരാണ്.
ദേശീയപാത വികസന പ്രവർത്തനം നടക്കുന്നതിനാൽ റോഡിന്റെ സ്ഥിതി കണക്കിലെടുക്കാതെ ബസുകളും ലോറികളുമടക്കം ഹെവിവാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതും ദേശീയപാത ഇരുട്ടിലായതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. റോഡിൽ പൊലീസ്,മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന പേരിലൊതുങ്ങി. മുന്നറിയിപ്പ് ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ, വഴിവിളക്ക് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബാരിക്കേഡും വീതിക്കുറവും
നാലുവരി ദേശീയപാതയിൽ ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ച് റോഡിന്റെ മദ്ധ്യഭാഗം ഇരുവശവും മറച്ചിരിക്കുകയാണ്
ഇതോടെ റോഡിന് വീതി കുറഞ്ഞതാണ് ഭൂരിഭാഗം അപകടങ്ങൾക്കും പ്രധാനകാരണം. തുറവൂരിന് തെക്കോട്ടും ഇതുതന്നെയാണ് അവസ്ഥ
ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് മറിഞ്ഞ് ലോറി പോലുള്ള വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ടാണ് ഭൂരിഭാഗം അപകട മരണങ്ങളുമുണ്ടായത്
അപകട മേഖലകൾ
അരൂർ, ചന്തിരൂർ, എരമല്ലൂർ, കോടം തുരുത്ത്, എൻ.സി.സി കവല, തുറവൂർ, പുത്തൻ ചന്ത, പട്ടണക്കാട്, പുതിയകാവ്, തങ്കിക്കവല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |