മാന്നാർ: പുത്തൻ ഉടുപ്പും ബാഗും കുടയും വാട്ടർ ബോട്ടിലുമൊക്കെയായി പുതിയ കൂട്ടുകാരൊത്ത് അറിവിന്റെ പുതിയ ലോകത്തേക്ക് പിച്ചവയ്കുന്ന സന്തോഷത്തിലാണ് നാലു വയസുകാരായ ഇരട്ട സഹോദരങ്ങൾ, ഋഷിയും ഋതുവും പിന്നെ മുഹമ്മദ് അലിയും അഹമ്മദ് അലിയും. നാലു പേരും എൽ.കെ.ജിയിലേക്കാണ് പ്രവേശനം നേടിയത്. മാന്നാർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് കുട്ടമ്പേരൂർ മേൽത്തറയിൽ രഞ്ജിത്ത്- സുചിത്ര ദമ്പതികളുടെ മക്കളാണ് ഋഷി രഞ്ജിത്തും ഋതു രഞ്ജിത്തും. കുട്ടമ്പേരൂർ മുട്ടേൽ എം.ഡി.എൽ.പി സ്കൂളാണ് ഇരുവർക്കുമായി അറിവിന്റെ പുതിയ വാതായനം തുറക്കുന്നത്.
മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഇരമത്തൂർ മേലേ മാടായിൽ ഷബീർ അലി - റെൻസിയ ദമ്പതികളുടെ ഇരട്ട മക്കളാണ് മുഹമ്മദ് അലിയും അഹമ്മദ് അലിയും. ചെന്നിത്തല സെന്റ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് ഈ ഇരട്ടകൾ പ്രവേശനം നേടിയത്. ഇവരെ സ്കൂളിലേക്ക് ഒരുക്കി യാത്രയാക്കാൻ മത്സരിക്കുകയാണ് ഇവരുടെ മൂത്ത സഹോദരങ്ങളായ ഒമ്പതാം ക്ലാസുകാരി ഇർഫാനയും ആറാം ക്ലാസുകാരി ഇഹ്സാനയും രണ്ടാം ക്ലാസുകാരി റൈഹാനയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |