ആലപ്പുഴ: മുഖം മിനിക്കിയും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചും കുട്ടിക്കൂട്ടങ്ങളെ ഇന്ന് സ്കൂളുകൾ വരവേല്ക്കും. വൻ ആഘോഷമാണ് ഇത്തവണയും സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. പൂർവ വിദ്യാർത്ഥി സംഘടനകൾ, പി.ടി.എ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ്.
പായസവും, മിഠായിയും നുകർന്ന്, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കളിചിരികളുമായി ബലുണൂകളും, പുതിയ ബാഗും കൈയിലേന്തിയെത്തുന്ന കുരുന്നുകൾ വിദ്യാലയങ്ങളിൽ ആദ്യക്ഷരം കുറിക്കും.
തോരണങ്ങൾ, ബലൂണുകൾ, കടലാസു കൊണ്ടുള്ള പൂക്കൾ, സമ്മാനപ്പൊതികൾ, അക്ഷരത്തൊപ്പി, ഓലയിൽ തയ്യാറാക്കിയ മയിൽപ്പീലി, കടലാസ് തൊപ്പി തുടങ്ങിയ കൗതുകങ്ങളുമായി സ്കൂളുകളും വിദ്യാർത്ഥികളെ കാത്തിരിക്കുകയാണ്. ചിലർ പുതിയ ബാഗുകളും കുട്ടികൾക്ക് കൈമാറും. കുട്ടികൾക്കായി ഫോട്ടോ ഫ്രെയിമും ചിലയിടങ്ങളിൽ തയ്യാറാക്കുന്നുണ്ട്. ചെണ്ടയും ബാന്റും ഒരുക്കിയാണ് കുട്ടിക്കൂട്ടത്തെ വരവേൽക്കുക. ഹരിതചട്ടം പാലിച്ചാണ് സ്കൂളുകളിലെ ഒരുക്കം.
മഴ മാറിയത് ആശ്വാസം
മഴ മാറി മാനം തെളിഞ്ഞത് ഏവർക്കും ആശ്വാസമായിട്ടുണ്ട്. ഇക്കുറി സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നതിനാൽ ജില്ലാതല പരിപാടികളും കൂട്ടിച്ചേർത്താണ് ആഘോഷങ്ങൾ. ഓരോ വിദ്യാലയങ്ങളിലും എസ്.എം.സിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിൽ നിന്ന് ക്ഷണക്കത്ത് തയ്യാറാക്കി വിദ്യാർത്ഥികളെയെല്ലാം ക്ഷണിച്ചിരുന്നു.
കുട്ടനാട്ടിൽ അവധി
വെള്ളപ്പൊക്കം കാരണം കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |