ആലപ്പുഴ: അടുക്കളയിലെ ഡാൻസ് വൈറലായതോടെ ഹോട്ടലുടമയായ വീട്ടമ്മയും തൊഴിലാളികളും സന്തോഷത്തിൽ. കോമളപുരം സ്പിന്നിംഗ് മില്ലിന് സമീപത്തെ രേവതി ഹോട്ടലിന്റെ കലവറയിൽ ഉടമ ബീന ജയനും സംഘവും നൃത്തംചെയ്യുന്ന വീഡിയോ ബീനയുടെ ഭർത്താവ് ജയൻ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലിട്ടതോടെ സെലിബ്രിറ്റികളടക്കമാണ് ആശംസകളുമായെത്തിയത്. രണ്ടര മില്യനിലധികം പ്രേക്ഷകരെയും ലഭിച്ചു.
നർത്തകിയായ ബീന ഹോട്ടലിന്റെ അടുക്കളയിൽ ജോലിക്കൊപ്പം പാട്ട് കേൾക്കാൻ സ്പീക്കർസംവിധാനമൊരുക്കിയിട്ടുണ്ട്. പാത്രം കഴുകുന്നതിനും, പച്ചക്കറി അരിയുന്നതിനും പാചകം ചെയ്യുന്നതിനുമെല്ലാമിടയിൽ സിനിമാ പാട്ടുകളിട്ട് ബീന ജീവനക്കാർക്ക് സ്റ്റെപ്പ് കാണിച്ചുകൊടുക്കും. രാവിലെ മുതൽ പാട്ടിട്ട് ഇടവേളകളിൽ ഡാൻസ് പഠനം നടത്തുന്ന സംഘം വൈകുന്നേരം തിരക്ക് കുറയുന്ന സമയത്താണ് വീഡിയോ ചിത്രീകരണം.
ബീനയുടെയും ജയന്റെയും പ്രണയവിവാഹമായിരുന്നു. മിശ്രവിവാഹിതരായതിനാൽ വർഷങ്ങളോളം കുടുംബങ്ങളുടെ പിന്തുണയില്ലാതെ കഴിഞ്ഞു. ജീവിതമാർഗമായാണ് ഹോട്ടൽരംഗത്തേക്ക് കടന്നത്. ജയൻ തയ്യാറാക്കുന്ന ബിരിയാണിയും ബീനയുടെ ഊണും ഹിറ്റായതോടെ സ്ഥലംവാങ്ങി വീടും ഹോട്ടലും പണിതു. ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനായി ജിംനേഷ്യത്തിൽ വർക്കൗട്ടിന് പോയിക്കൊണ്ടിരുന്ന ബീന ഏഴുവർഷം മുമ്പ് അവിടെ ക്രിസ്മസ് ആഘോഷത്തിന് നൃത്തം ചെയ്തതാണ് വഴിത്തിരിവായത്. ഒരുപാട് പേർ പ്രോത്സാഹിപ്പിച്ചതോടെ നൃത്തപഠനം നടത്താൻ തീരുമാനിച്ചു. മകളുടെ നൃത്താദ്ധ്യാപിക നാട്യമഞ്ജരി ഡാൻസ് സ്കൂളിലെ അശ്വതിദേവിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു. ലോക്ക് ഡൗൺ കാലത്ത് കൊറിയോഗ്രാഫർ സരുൺ രവീന്ദ്രന് കീഴിൽ ഓൺലൈൻ നൃത്തപഠനം തുടങ്ങി. ഹോട്ടൽ വ്യവസായത്തിനൊപ്പം ഡാൻസ് സ്കൂൾ കൂടി തുടങ്ങണമെന്നാണ് ബീനയുടെ സ്വപ്നം. മക്കൾ: അജയ് സൂര്യ (എം.ടെക് വിദ്യാർത്ഥി, ജർമ്മനി), അമേയ ജയൻ (പ്ലസ് ടു)
ആത്മഹത്യ മറന്ന് പോയി !
പലവിധ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന 12 തൊഴിലാളികളാണ് ബീനയ്ക്കും ജയനും സഹായികളായി രേവതി ഹോട്ടലിലുള്ളത്. ജോലിക്കൊപ്പം തന്നെ ഡാൻസ് സ്റ്റെപ്പുകളുടെ പഠനവും വീഡിയോയുമെല്ലാമായി തിരക്കിലായതോടെ ഹോട്ടലിലെത്തുമ്പോൾ മുതൽ ദുഃഖങ്ങൾ മറക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചാണ് രാവിലെ ജോലിക്കെത്തിയതെന്നും, എന്നാൽ ഡാൻസിന്റെ ലോകത്തേക്ക് മാറിയപ്പോൾ അക്കാര്യം തന്നെ മറന്നുപോയെന്നുമാണ് അടുത്തിടെ ഒരു ജീവനക്കാരി ബീനയോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |