ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിച്ചതോടെ ജില്ലയിലെ സ്കൂൾ, കോളേജ് പരിസരങ്ങളിൽ എക്സൈസും പൊലീസും നിരീക്ഷണം ശക്തമാക്കി. കാമ്പസുകളെ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണത്തിനൊപ്പം എൻഫോഴ്സ് മെന്റ് നടപടികളും വ്യാപകമാക്കാനാണ് തീരുമാനം. സ്കൂൾ തുറപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം ജില്ലാ പൊലീസ് നർക്കോട്ടിക് സെല്ലിന്റെയും എസ്.പിയുടെ കീഴിലുള്ള ഡാൻസഫ് ടീമുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബംഗളുരുവിൽ നിന്ന് 13 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയിലായിലായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന ട്രെയിൻ- ബസ് സർവീസുകളിലടക്കം വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ആലപ്പുഴ നഗരത്തിലടക്കം റെയിൽവേ - ബസ് സ്റ്റേഷനുകൾ, കൊറിയർ, പാഴ്സൽ സർവീസ് കേന്ദ്രങ്ങൾ, സ്‌പാകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഡി അഡിക്ഷൻ സെന്ററിൽ നാലുപേർ
കഴിഞ്ഞ രണ്ടുമാസമായി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ലഹരിയുടെ വരവിനും വിൽപ്പനയ്ക്കും നേരിയ കുറവുണ്ടായി. ഇതിനിടെ ലഹരി കിട്ടാത്തതിനെ തുടർന്ന് മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച നാലുപേരെ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
ലഹരിവിരുദ്ധ നടപടികൾ തുടരാൻ ചെങ്ങന്നൂർ, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സബ് ഡിവിഷനുകളിൽ ഡാൻസാഫ് ടീമിനെ അഞ്ച് സംഘങ്ങളായി തിരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി വരികയാണ്.
പരിസരങ്ങളിൽ നിരീക്ഷണം
എല്ലാ സ്കൂൾ, കോളേജ് സ്ഥാപനങ്ങൾക്കും ഒരു എക്സൈസ് ഉദ്യോഗസ്ഥന് വീതം ചുമതല
സ്കൂൾ, കോളേജ് പരിസരങ്ങളിൽ പരിശോധനകളും നിരീക്ഷണവും
100 ഓളം സ്ഥിരം കുറ്രവാളികൾ നിരീക്ഷണത്തിൽ
സ്കൂൾ, കോളേജ് പരിസരം പുകയിലവിമുക്തം
കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേവ്വേറെ ബോധവത്കരണം
ലഹരിവിമുക്ത ക്ളബുകൾ പുനരാരംഭിക്കൽ
പരാതിപ്പെട്ടി സ്ഥാപിക്കൽ
അദ്ധ്യയന വർഷം ആരംഭിച്ചതോടെ പൊലീസും എക്സൈസും സംയുക്തമായും വെവ്വേറെയും പരിശോധനകൾ നടത്തിവരികയാണ്. വരുംദിവസങ്ങളിലും നിരീക്ഷണം തുടരും
- ബി. പങ്കജാക്ഷൻ, ഡിവൈ.എസ്.പി നർക്കോട്ടിക് സെൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |