ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടുപഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങി. പുന്നപ്രയിൽ 400 എം.എം പൈപ്പ് ബുധനാഴ്ച രാവിലെയും പൊട്ടി. പ്രധാന ലൈനുകൾ പൊട്ടിയതിനെ തുടർന്ന് കരുമാടി പ്ളാന്റിൽ നിന്നുള്ള ജലവിതരണം പൂർണമായും നിർത്തി.
മഴക്കാലമായതിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങൾ ടാങ്കർ വഴിയുള്ള ജലവിതരണം നിർത്തിയതോടെ ആഹാരം പാചകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾക്കുമുൾപ്പെടെ മഴവെള്ളത്തെ ആശ്രയിക്കുകയാണ് ജനങ്ങൾ. ഏതാനുംദിവസം മുമ്പ് വരെ ശക്തമായിരുന്ന മഴയുടെ തോത് കുറഞ്ഞതും തിരിച്ചടിയായി.
ഏതാനുംദിവസം മുമ്പ് അമ്പലപ്പുഴ കച്ചേരി ജംഗ്ഷന് സമീപം കരുമാടിയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈൻ പൊട്ടിയതാണ് ഇപ്പോഴത്തെ കുടിവെള്ളപ്രശ്നത്തിന് കാരണം. ആലപ്പുഴ നഗരസഭ, പുറക്കാട്, അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുന്നപ്ര സൗത്ത്, നോർത്ത്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി വെള്ളം ലഭിക്കാത്തത്. നഗരസഭയിലെ കൗൺസിലർമാരുൾപ്പെടെ വാട്ടർ അതോറിട്ടിയുടെ ഓഫീസുകളെയും എൻജിനീയർമാരെയും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഉടൻ ശരിയാകുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. വീടുകൾക്കൊപ്പം ആശുപത്രികൾ, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ,വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും കുടിവെള്ളക്ഷാമം ബാധിച്ചിട്ടുണ്ട്.
വെള്ളമെത്താൻ അഞ്ചുദിവസം കഴിയും
1.കുടിവെള്ളവിതരണം സാധാരണഗതിയിലാകുവാൻ നാലഞ്ച് ദിവസം വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി
2.ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ട ഉത്തരവാദിത്വം കരാർ കമ്പനിയ്ക്കാണ്
3.പൈപ്പ് ലൈനുകൾ കരാർ കമ്പനി സ്ഥാപിച്ചാൽ മാത്രമേ വാട്ടർ അതോറിട്ടിക്ക് അതിലേക്ക് കണക്ഷൻ മാറ്റി നൽകാൻ കഴിയൂ
4.പറവൂർ - കൊറ്റുകുളങ്ങര റീച്ചിൽ പുതിയ ലൈനുകൾ സ്ഥാപിക്കൽ പൂർത്തിയാക്കിയില്ല.റോഡ് തുരക്കുമ്പോൾ നിലവിലെ പൈപ്പുകളും പൊട്ടിക്കുന്നു
കരുമാടി പ്ളാന്റിലെ നിലവിലെ വിതരണം
40 എം.എൽ.ഡി
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുണ്ടായ തുടർച്ചയായ പൈപ്പ് പൊട്ടലാണ് കുടിവെള്ള ക്ഷാമത്തിന് കാരണം. നിലവിലെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ കരുമാടിയിലെ പ്ളാന്റിൽ നിന്നുള്ള ജലവിതരണം പൂർണമായും നിർത്തിയിരിക്കുകയാണ്.ജലവിതരണം സാധാരണ നിലയിലാകാൻ നാലഞ്ച് ദിവസമെങ്കിലും വേണ്ടിവരും
- അസി. എൻജിനീയർ,വാട്ടർ അതോറിട്ടി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |