ആലപ്പുഴ: യാത്രാദുരിതത്തിന് പരിഹാരവും ഒപ്പം ടൂറിസം വികസന സാദ്ധ്യതയ്ക്കും വഴിതുറന്ന് പാലങ്ങളുടെ 'നഗരമായി' ആലപ്പുഴ. ഒമ്പതുവർഷത്തിനിടെ ജില്ലയുടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായി പൊതുമരാമത്തു വകുപ്പ് മാത്രം പണിതത് 29 പാലങ്ങൾ. ഇതോടെ ആലപ്പുഴ ബീച്ചും വേമ്പനാട്ട് കായലും കടന്ന് ഗ്രാമാന്തരങ്ങളും ടൂറിസം കേന്ദ്രങ്ങളായി മാറും.
കുട്ടനാടിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ വാക്ക് വേയും വാച്ച് ടവറുമായി പമ്പയാറിന് കുറുകെ തകഴി- നെടുമുടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പടഹാരം പാലം. കായലിന് കുറുകെ പെരുമ്പളം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാലം, സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം എന്നിങ്ങനെ നീളുന്നു പാലം പെരുമ. പാലങ്ങളിൽ പലതിലും വർണവിളക്കുകൾ സ്ഥാപിച്ച് ആകർഷകവുമാക്കി.വാടക്കനാലിനും വാണിജ്യക്കനാലിനും ഇവയോട് ബന്ധപ്പെട്ടുള്ള ഇരുപതോളം ചെറുതോടുകളുടെയും കരകളിലാണ് ആലപ്പുഴപട്ടണം. ഇവയ്ക്ക് കുറുകേ സഞ്ചരിക്കാനും പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന്റെ കാലത്താണ് 64 പാലങ്ങൾക്കുള്ള പദ്ധതി തയ്യാറാക്കിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക ഡിസൈൻ വിംഗ് രൂപീകരിച്ച് ഓരോപാലത്തിനും പ്രത്യേകം രൂപകല്പനയും നടത്തി. പാലങ്ങളുടെ അടക്കം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിലുൾപ്പെടെ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും കൃത്യമായി ഇടപെട്ടു. കിഫ്ബി ഫണ്ടിൽ റോഡ് ഫണ്ട് ബോർഡാണ് നിർമ്മാണം.
29 പാലങ്ങൾ
നിലവിൽ പൂർത്തിയായത്
(മൂന്നെണ്ണം ഉദ്ഘാടനം കാക്കുന്നു)
445.72 കോടി
മൊത്തം ചെലവ്
''പാലങ്ങളെ ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക ഡിസൈൻ വിംഗ് രൂപീകരിച്ച് 300ലധികം എൻജിനിയർമാരെ നിയോഗിച്ചാണ് നവീന രീതിയിൽ പാലങ്ങളും കെട്ടിടങ്ങളും രൂപകല്പന ചെയ്തത്
-ജി.സുധാകരൻ,
മുൻ പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |