ആലപ്പുഴ: ആഴക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിലെ ആശങ്കകൾ അകലും മുമ്പേ ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന് ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ബോട്ടുകൾ തീരത്ത് അടുത്തുതുടങ്ങി. ഇന്ന് രാത്രി 11ഓടെ മുഴുവൻ ബോട്ടുകളും തീരംതൊടുമെന്നാണ് ഫിഷറീസ്‌വകുപ്പിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളിലും മത്സ്യഗ്രാമങ്ങളിലും മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. യന്ത്രവത്കൃത ബോട്ടുകൾക്ക് പകരം മത്സ്യത്തൊഴിലാളികൾക്ക് പരമ്പരാഗത വള്ളങ്ങളെ ആശ്രയിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെങ്കിലും വരുമാനം തുച്ഛമായിരിക്കും.
സമാശ്വാസമായി സർക്കാർ നൽകുന്ന റേഷൻ വിഹിതംകൊണ്ട് ജീവിതം ആശ്വാസകരമാവില്ലെന്നതാണ് മത്സ്യത്തൊഴിലാളി മേഖലയുടെ അനുഭവപാഠം. ചാകരക്കാലം മുന്നിൽ കണ്ട് യാനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് കടലിലിറങ്ങിയവർ ആശങ്കരയിലാണ്. കപ്പലിൽ നിന്ന് മുങ്ങിയ കണ്ടെയ്നറുകൾ നിരവധി മത്സ്യബന്ധന വലകളിലുടക്കി നഷ്ടം സംഭവിച്ചു. ഇവയ്ക്കൊന്നും നഷ്ടപരിഹാരം നൽകുന്നതിനുള്ള ചർച്ച എവിടെയും നടന്നിട്ടില്ല. കപ്പലിൽ നിന്ന് രാസമാലിന്യങ്ങൾ കടലിൽ പടരുമെന്ന ആശങ്ക കാരണം മത്സ്യ മേഖല കഴിഞ്ഞ ആഴ്ചകളിൽ കടുത്ത വിപണി നഷ്ടമാണ് നേരിട്ടത്. കപ്പൽ മുങ്ങിയതിന് പിന്നാലെ ഭൂരിഭാഗം കുടുംബങ്ങളും മത്സ്യത്തെ പൂർണമായി വിഭവ ലിസ്റ്റിൽ നിന്നൊഴിവാക്കിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മത്സ്യ സദ്യയടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചാണ് ആശങ്കകൾ ഒരുവിധം ലഘൂകരിച്ചത്. ഇതിനിടെയാണ് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വരുന്നത്.
അകലാതെ കണ്ടെയ്‌നർ ആശങ്ക
1.കപ്പൽ മുങ്ങിയ ആശങ്കയിൽ മത്സ്യം വാങ്ങാൻ ഉപഭോക്താക്കളില്ലാതിരുന്ന ദിവസങ്ങളിൽ പോലും കടൽമത്സ്യത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു. മത്തിയും അയലയും ചെമ്മീനും കിലോയ്ക്ക് 300 രൂപ കടന്നു. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മീൻ വില ഇനിയും ഉയരുമെന്നാണ് സൂചന
2.ഇറച്ചിക്കോഴി വിലയും കൂടി. ചില്ലറ വിൽപ്പന വില 130ൽ നിന്ന് 155ലേക്ക് ഒറ്റയടിക്ക് ഉയർന്നു. അപ്രതീക്ഷിത ഡിമാൻന്റിൽ കോഴി ലഭ്യമാകാത്ത സ്ഥിതിയുമുണ്ടായി. പക്ഷിപ്പനിയും തുടർച്ചയായ വിലയിടിവും കാരണം കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാതിരുന്നതാണ് തിരിച്ചടിയായത്.
3.ട്രോളിംഗ് കാലത്ത് വടക്ക് ചെല്ലാനത്തും തെക്ക് അഴീക്കലും രണ്ട് രക്ഷാബോട്ടുകളുടെ സേവനമുണ്ടാകും.അഴീക്കൽ ഹാർബർ ചങ്ങലയിട്ട് പൂട്ടും.തോട്ടപ്പള്ളി, ചെത്തി മേഖലകളിൽ രണ്ട് ഔട്ട് ബോർഡ് വള്ളങ്ങളും പ്രവർത്തിക്കും
4. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏകോപനം നടത്തും. 8000 മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണംചെയ്യും
സൗജന്യ റേഷൻ:
8000 പേർക്ക്
കടലിൽ വീണ കണ്ടെയ്നറുകൾ മത്സ്യബന്ധന വലകളിൽ ഉടക്കി നഷ്ടം സംഭവിച്ച നിരവധി വള്ളങ്ങളുണ്ട്. അവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. മത്സ്യബന്ധനം അപകടരഹിതമാകുന്നതിന് പെഴികൾ ആഴം വർദ്ധിപ്പിക്കണം. കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിതരണം ഉടൻ നടത്തുകയും വേണം
- ബിനു പൊന്നപ്പൻ, അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |