ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നതോടെ മാസ്ക്കുകൾക്ക് വിലകൂട്ടി വ്യാപാരികൾ. സാധാരണ മാസ്കിന് ഇപ്പോൾ 5രൂപയാണ് ഈടാക്കുന്നത്. രണ്ട് വർഷം മുമ്പ് കൊവിഡ് തരംഗം അവസാനിച്ചപ്പോൾ രണ്ട് മുതൽ മൂന്ന് രൂപവരെയായിരുന്നു ഈടാക്കിയിരുന്നത്. കൊവിഡ് രാജ്യമെങ്ങും വ്യാപിക്കുകയും കേരളത്തിൽ രോഗികളുടെ എണ്ണം ആയിരത്തിലധികമാകുകയും ചെയ്തതോടെയാണ് മുൻകരുതലെന്ന നിലയിൽ ആളുകൾ മാസ്ക് ധരിക്കാൻ തുടങ്ങിയത്. സാധാരണ മാസ്ക്കുകളെക്കാൾ സുരക്ഷിതവും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമായ എൻ-95 ഇനത്തിൽപ്പെട്ട് മാസ്കിന് 20 രൂപവരെയാണ് ഈടാക്കുന്നത്.
തുണയായി ഓൺലൈൻ
കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറിയതോടെ ഇവ കൂടുതൽ സ്റ്റോക്ക് ചെയ്ത് വിലകൂട്ടി വിപണി കീഴടക്കാനാണ് വ്യാപാരികളുടെ നീക്കം. എന്നാൽ, ഓൺലൈനുകളിൽ ഇതിലും വിലക്കുറവിൽ പായ്ക്കറ്റ് കണക്കിന് ലഭിക്കുമെന്നതിനാൽ പലരും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഡ്രഗ് ബാങ്കുകളിൽ
സർക്കാർ ഉടമസ്ഥതയിലുള്ള ഡ്രഗ് ബാങ്കുകളിൽ 100 എണ്ണത്തിന്റെ സാധാരണ മാസ്ക് പായ്ക്കറ്റിന് 140 രൂപയാണ് വില. എൻ -95 മാസ്ക്കിന്റെ പത്തെണ്ണമടങ്ങിയ പായ്ക്കറ്റ് 60 രൂപയ്ക്കും ലഭ്യമാണ്.
കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വളപ്പിലെ ഡ്രഗ് ബാങ്കിൽ നിന്ന് ന്യായമായ നിരക്കിൽ മാസ്കും സാനിറ്റൈസറും ലഭിക്കും.
- മാനേജർ, ഡ്രഗ് ഹൗസ്
നിയന്ത്രണങ്ങൾ കർശനമാക്കി
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കി. സർക്കാർ ആശുപത്രികളിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ മാസ്ക്ക് നിർബന്ധമാക്കി.
രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ എണ്ണവും നിയന്ത്രണവിധേയമായി ചുരുക്കി. പനി, ചുമ പോലെ രോഗലക്ഷണങ്ങളുള്ളവരെ രോഗിക്ക് കൂട്ടിരിക്കാൻ അനുവദിക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. ജില്ലയിൽ ഇത്തരത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടിയതുകൊണ്ടാണ് കൂടുതൽ രോഗികളെ കണ്ടെത്താനായത്. രണ്ടാഴ്ചയ്ക്കിടെ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിലൊന്ന് പേർ ഇതിനകം രോഗമുക്തി നേടി. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയടക്കം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയാറെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഗുരുതര രോഗികളെ പാർപ്പിക്കുന്നതിനായി ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കും. പി.പി.ഇ കിറ്റുകൾ, ഓക്സിജൻ സംവിധാനവമുള്ള കിടക്കകൾ, മരുന്നുകൾ, വെന്റിലേറ്ററുകൾ, ഐ.സി.യു കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പഴയ ശീലങ്ങൾ മറക്കേണ്ട സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം സാനിട്ടൈസർ ഉപയോഗിക്കുക പൊതു സ്ഥലങ്ങളിലും, ആൾക്കൂട്ടത്തിലും മാസ്ക് ധരിക്കുക നിശ്ചിത അകലം പാലിച്ച് ഇടപഴകുക ലക്ഷണം കണ്ടാൽ പരിശോധിക്കാൻ മടിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |