കഴിഞ്ഞ തവണത്തെ കമ്മി 61.5 ലക്ഷം
ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 30ന് നടത്താൻ എൻ.ഡി.ബി.ആർ എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കി അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധർ മാതൃക യോഗത്തിൽ അവതരിപ്പിച്ചു.
സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങളുടെ ആശയങ്ങൾ മൂന്ന് പേർ യോഗത്തിൽ അവതരിപ്പിച്ചു. അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് ഫിനിഷിംഗ് കുറ്റമറ്റതാക്കുന്നതിനുള്ള നിർദേശങ്ങളും യുവ ശാസ്ത്രജ്ഞൻ ഋഷികേശ് മെക്കാനിക്കൽ സ്റ്റാർട്ടിംഗ് സംവിധാനവും മയൂരം ക്രൂയിസ് അധികൃതർ സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് സംവിധാനവും അവതരിപ്പിച്ചു. ഇവ പുന്നമടക്കായലിൽ പ്രായോഗികമായി പരീക്ഷണം നടത്തി ഏറ്റവും മികച്ചതെന്ന് കണ്ടെത്തുന്നത് തിരഞ്ഞെടുക്കും.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും സബ് കളക്ടർ സമീർ കിഷൻ അവതരിപ്പിച്ചു. 2,51,18,725.20 രൂപയാണ്
കഴിഞ്ഞ വർഷം വള്ളംകളിയുടെ വരുമാനം. ചെലവ് 2,85,39,328.14 രൂപ. 34,20,602.94 രൂപ കമ്മിയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞു. മെയിന്റനൻസ് ഗ്രാന്റും പ്രൈസ് മണിയും 2023ലെ സി.ബി.എല്ലിൽ രണ്ട് വള്ളങ്ങൾക്ക് നൽകാനുള്ള ബോണസും കൂടി നൽകണമെന്നും ഇത് കണക്കിൽ ഉൾപ്പെടുത്തണമെന്നുമുള്ള യോഗത്തിലെ നിർദേശം അംഗീകരിച്ചു. ഇതോടെ കമ്മി 61.5 ലക്ഷമാവും. തോമസ്.കെ.തോമസ് എം.എൽ.എ ഓൺലൈനായി പങ്കെടുത്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ, എ.ഡി.എം. ആശ.സി. എബ്രഹാം, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, ചുണ്ടൻവള്ള ഉടമകളുടെ സംഘടന പ്രസിഡന്റ് ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി തുടങ്ങിയവർ പങ്കെടുത്തു.
നിബന്ധനകളിൽ ഇളവ്
മത്സരത്തിന്റെ നിബന്ധനകൾ പരിഷ്കരിക്കുന്ന കാര്യവും എക്സിക്യൂട്ടീവ് കമ്മിറ്റി പരിഗണിച്ചു. വിജയിയെ നിശ്ചയിക്കുന്നതിന് ഫിനിഷിംഗിന് പോൾ കടക്കണമെന്ന നിബന്ധന മാറ്റി പോളിൽ ടച്ച് ചെയ്താൽ മതിയെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. എല്ലാവർക്കും ഒരേ തരത്തിലുള്ള തുഴ എന്ന നിർദ്ദേശവും പരിഗണിച്ചു. യോഗം പരിഗണിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.ആർ.കെ.കുറുപ്പ്, സി.കെ.സദാശിവൻ, കെ.കെ.ഷാജു എന്നിവരടങ്ങിയ മൂന്നംഗ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |