
കൊല്ലം: സിനിമാ പ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ ചെറുസിനിമകളുടെ വസന്തത്തിന് ഇന്ന് സമാപനം. കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ കാലത്തിന്റെ ചലച്ചിത്ര ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തി യുവ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനായി കേരളകൗമുദിയും ഫാത്തിമ മാതാ നാഷണൽ കോളേജും മിൽമയും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 'പാൻ-ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റ് 2025' ൽ 27 ഹ്രസ്വചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടനചിത്രമായ 'ദി ബൂട്ട് ' ഉൾപ്പടെ ഇരുപത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രണ്ടാം ദിവസമായിരുന്ന ഇന്നലെ അറിയാതെ (ലക്ഷ്മി രമേശ്), റോങ്ങ് വേ (നൗഫൽ ലാൽ), വിഷ് ഫുൾ വാട്ടർ (സിനൂപ് രാജ്, കെ.സുഭാഷ്), അതുല്യ (മനോജ് പാനക്കാരൻ, ഷൈജു കരുണ), എക്ലിപ്പ്സ് (സാജ് പുത്) , സാന്നിദ്ധ്യം (അസീസ് മുഹമ്മദ്), വെയിൽ മരങ്ങൾ (നിവ സുൽത്താൻ), ട്ട (ചാൾസ് ലിയോ പനടൻ), ഗ്രഹവേദി (റോയി തൈക്കാടൻ), കാനൽ (എൻ.ആർ.സുരേഷ് ബാബു), ഓൾഡേജ് ഹോം ( മധു മുണ്ടയ്ക്കൽ) എന്നിവയും ആദ്യ ദിവസം പ്രദർശിപ്പിക്കാൻ കഴിയാതിരുന്ന തനിനിറം (സോനു മുരളീധരൻ) എന്ന ചിത്രവുമാണ് പ്രദർശിപ്പിച്ചത്.
സമാപന ദിവസമായ ഇന്ന് രാവിലെ 9.30 മുതൽ ഒൻപത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് ഓപ്പൺ ഫോറം. പ്രമുഖരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. ഡയറക്ടർ ഉണ്ണി പ്രണവം, ജോൺ പോൾ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 'പൊങ്കാല' സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് ക്യാഷ് പ്രൈസുകളും പുരസ്കാരങ്ങളും നൽകും. കൂടാതെ, മികച്ച ചിത്രം പ്രവചിക്കുന്ന പ്രേക്ഷകർക്കായി ആകർഷകമായ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നവർ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |