വക്കം: കടയ്ക്കാവൂരിൽ റബർത്തോട്ടത്തിൽ ജീർണിച്ച നിലയിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. തൊപ്പിചന്ത കണ്ണങ്കരയിൽ ഒഴിഞ്ഞുകിടന്ന റബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ 10ഓടെ മൃതദേഹം കണ്ടെത്തിയത്.ഈ പുരയിടത്തിലെ റബർ വെട്ടാത്തതിനാൽ ഇവിടേക്ക് ആരും വരാറില്ലായിരുന്നു.
സമീപത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക്,ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ അഴുകിയ മനുഷ്യശരീരം കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്നെത്തിയ കടയ്ക്കാവൂർ പൊലീസ് നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിന് സമീപത്തുനിന്ന് തലയോട്ടിയും,വസ്ത്രവും,ചെരുപ്പും,കണ്ണാടിയും,മൊബൈലും,പണിയായുധവും കണ്ടെത്തി. മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തൊപ്പിചന്ത പെരുംകുളം സലൂജഭവനിൽ ദേവദാസൻ (70) കഴിഞ്ഞ 10 ദിവസത്തോളമായി കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു. അസ്ഥികൂടത്തിന് സമീപത്തായി കണ്ടെത്തിയ വസ്തുക്കൾ, ദേവദാസന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ 30ന് അടുത്ത ബന്ധുവിനെ ഫോൺ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ദേവദാസൻ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹത്തിന് സമീപത്തായി രാസലായനിയുടെ കുപ്പിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ കഴിഞ്ഞ പത്തുവർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.
ആശാരിപ്പണി ചെയ്തിരുന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു കണ്ണങ്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.രണ്ടാഴ്ച മുൻപ് ഉടമസ്ഥൻ വീടുമാറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വീടുപൂട്ടി താക്കോൽ തിരികെ ഏല്പിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മൃതദേഹം ഫോറൻസിക് പരിശോധന നടത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിനു ശേഷം ഡി.എൻ.എ പരിശോധനയുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നടത്തുമെന്ന് കടയ്ക്കാവൂർ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |