ആലപ്പുഴ: ജില്ലാഅതിർത്തിയായ വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും താമരക്കുളം പഞ്ചായത്തിലെ 15ാം വാർഡിലും ആശങ്കയായി മഞ്ഞപ്പിത്തം പടരുന്നു. രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ആഴ്ചകളായി ചികിത്സയിരുന്ന വളളികുന്നം കാഞ്ഞിരത്തിൻമൂട് ലക്ഷം മുക്കിന് സമീപം ബിജു(48) മരിച്ചത് പ്രദേശത്ത് ഭീതിക്കിടയാക്കിയിട്ടുണ്ട്. കടുവിനാൽ വാർഡ് നിവാസിയായ യുവതിയെ രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
വള്ളികുന്നം പഞ്ചായത്തിലെ 8,9 വാർഡുകളിലും താമരക്കുളം പഞ്ചായത്തിലെ 15 ആം വാർഡിലുമാണ് രോഗം റിപ്പോർട്ടായത്. നിലവിൽ മൂന്നുവാർഡുകളിലേതുമായി 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി,സമീപത്തെ വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി ചികിത്സ തേടിയ മറ്റെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
മേയ് അവസാനവാരം പ്രദേശത്തെ ഒരുവിവാഹ ചടങ്ങിൽ സംബന്ധിച്ചവർക്കാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർക്കെല്ലാം ദിവസങ്ങൾക്ക് ശേഷം പനിയും ഛർദ്ദിയുമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തമ സ്ഥിരീകരിച്ചത്. ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിൽ കുടിക്കാനോ പാചകത്തിനോ ഉപയോഗിച്ച വെള്ളത്തിൽ നിന്നാകാം രോഗപകർച്ചയുണ്ടായത്. രോഗ ബാധിതരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ 70 തിലധികം പേർ നിരീക്ഷണത്തിലാണ്.
പ്രതിരോധം ഊർജിതം
മഞ്ഞപ്പിത്തം റിപ്പോർട്ടായതിന് പിന്നാലെ വള്ളികുന്നം ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. വിവാഹചടങ്ങിൽ പങ്കെടുത്തവരിൽ രോഗം സ്ഥിരീകരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടിയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനൊപ്പം രോഗ വ്യാപനത്തിനുള്ള സാദ്ധ്യത ഒഴിവാക്കാൻ വാക്സിനേഷൻ ഊർജിതമാക്കി. പ്രദേശത്തെ എല്ലാ കുടിവെള്ള സ്രോതസുകളിലും സൂപ്പർ ക്ളോറിനേഷനുൾപ്പെടെ പൂർത്തിയാക്കി. ലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് ചികിത്സയും നിരീക്ഷണവും ഉറപ്പാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി അറിയിച്ചു. വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കണമെന്നും തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വള്ളികുന്നം മെഡിക്കൽ ഓഫീസർ ഡോ.ആനന്ദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |