മുഹമ്മ: കമ്പ്യൂട്ടർ സ്ഥാപന നടത്തിപ്പാണ് ജോലിയെങ്കിലും ജീമോൻ തമ്പുരാൻ പറമ്പിന്റെ പ്രധാന വിനോദം നാടൻ പശുവളർത്തലാണ്. 15 വർഷമായി പശു വളർത്തുന്ന ജീമോന്റെ വീട്ടുമുറ്റത്തും തൊഴുത്തിലുമായി വെച്ചൂർ, കാസർകോട് കുള്ളൻ,വില്വാദ്രി,പൂങ്കന്നൂർ,താർ പാർക്കർ,ഗിർ തുടങ്ങിയ ഇനങ്ങളിലായി കിടാക്കൾ ഉൾപ്പെടെ 11 പശുക്കൾ മേഞ്ഞ് നടക്കുന്നുണ്ട്. വീട്ടിലെത്തുന്നവർക്ക് കൗതുക കാഴ്ച കൂടിയാണ് ഈ പശു ഇനങ്ങൾ.
രണ്ടു പശുക്കളിൽ നിന്നായി അഞ്ച് ലിറ്റർ പാൽ കിട്ടും. പാൽ അങ്ങനെ പുറത്തു വിൽക്കാറില്ല. വീട്ടാവശ്യത്തിനും പിന്നെ നെയ്യ് എടുക്കാനാണ് ഉപയോഗിക്കുന്നത്. പിന്നെ, ക്യാൻസർ രോഗികൾക്ക് ആയുർവേദ മരുന്ന് ചേർത്ത് കഴിക്കാൻ നൽകാറുണ്ട്.നല്ല ഔഷധഗുണമുള്ളതുകൊണ്ട് 1കിലോ നെയ്യിന് 4000 രൂപ വരെ കിട്ടും.ദിവസം രണ്ടു നേരമാണ് തീറ്റ.പച്ച പുല്ലും പച്ച വെള്ളവുമാണ് പശുക്കളുടെ പ്രധാന ആഹാരം.കൂടാതെ തവിട്, തേങ്ങാപിണ്ണാക്ക്, കഞ്ഞിവെള്ളം,അടുക്കളയിൽ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും നൽകും.
പശുവിന് പൊൻവില
ഒരു വയസായ വെച്ചൂർ കിടാവിന് 35,000, താർപാർക്കറിന് 50,000, കാസർകോട് കുള്ളന് 50,000, പൂങ്കന്നൂരിന് ഒരു ലക്ഷം എന്നിങ്ങനെ പോകുന്നു ജീമോന്റെ തൊഴുത്തിലെ പശുക്കളുടെ വില.
കുളത്തിൽ നാടൻ മത്സ്യം
പറമ്പിൽ പച്ചക്കറി
വൈദ്യനും കൃഷിക്കാരനുമായിരുന്ന അച്ഛൻ ചന്ദ്രാംഗദനിൽ നിന്നും കഞ്ഞിക്കുഴിയിലെ ഗാന്ധി സ്മാരക കേന്ദ്രത്തിലെ സെമിനാറുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമാണ് ജീമോൻ കൃഷി അറിവുകൾ സ്വായത്തമാക്കിയത്.
പശുക്കൾ കൂടാതെ നാടൻ ആട്, കുട്ടനാടൻ ചാര ചെമ്പല്ലി താറാവ്, നാടൻ കോഴി, തുടങ്ങിയവയും ജീമോന്റെ മുറ്റത്തുണ്ട്. കുളത്തിൽ നാടൻ മത്സ്യങ്ങളും
പറമ്പിൽ പച്ചക്കറിയും കിഴങ്ങ് വർഗങ്ങളും വാഴയും തഴച്ചുവളരുന്നുണ്ട്.
അമ്മ രമ, ഭാര്യ ആലപ്പുഴ നഗരസഭ ജീവനക്കാരിയായ അഞ്ജലി, മക്കളായ ആകർഷ്, അർഷിത എന്നിവരും മുഹമ്മ പത്താം വാർഡ് പെസാക്ക് വായന ശാലയ്ക്ക് സമീപം തമ്പുരാൻ പറമ്പിൽ ജീമോന് പിന്തുണയായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |