അമ്പലപ്പുഴ: തകഴി, അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾ, അമ്പലപ്പുഴ ബസ് സ്റ്റാൻഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയുടെ പരിസരങ്ങളെല്ലാം തെരുവുനായകളുടെ പിടിയിലാണ്. പുന്നപ്ര പഴയ നടക്കാവ് റോഡ്, പൊലീസ് സ്റ്റേഷന് കിഴക്കുഭാഗം എന്നിവിടങ്ങളിൽ സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാനാകാത്ത തരത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഇതുകാരണം കുട്ടികളെ ഒറ്റയ്ക്ക് വിടാൻ രക്ഷകർത്താക്കൾക്ക് പേടിയാണ്. പഴയടക്കാവ് റോഡിൽ അറവുകാട് മുതൽ കുറവൻതോട് വരെ തെരുവുനായ ആക്രമണം കാരണം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് പുറക്കാട് കാൽ നടയാത്രക്കാരനെ തെരുവുനായ കടിച്ചിരുന്നു. അയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും തെരുവുനായകളുടെ വിഹാരകേന്ദ്രമാണ്.രോഗികൾക്ക് ഭക്ഷണവുമായെത്തുന്ന കൂട്ടിരിപ്പുകാർക്ക് നേരെ നായകൾ പാഞ്ഞടുക്കുന്നത് നിത്യസംഭവമാണ്. സന്ധ്യ കഴിഞ്ഞാൽ ക്വാർട്ടേഴ്‌സിലേക്ക് പോകാൻ ഭയമാണെന്നാണ് പി.ജി വിദ്യാർത്ഥികൾ പറയുന്നത്.
ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന അമ്പലപ്പുഴ, തകഴി റെയിൽവേ സ്റ്റേഷനുകളാണ് തെരുവുനായകളുടെ മറ്റൊരു കേന്ദ്രം.യാത്രക്കാരുടെ നേർക്ക് കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് ഇവിടെ പതിവാണ്.
തെരുവുനായ്‌ക്കൾ നാട്ടിൽ യഥേഷ്ടം വിഹരിക്കുകയാണ്. കൂട്ടത്തോടെയാണ് പാഞ്ഞു വരുന്നത്. പഞ്ചായത്തുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനജീവിതം ദുസഹമാകും. നായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് വീട്ടിലിരിക്കേണ്ട സാഹചര്യമാണ്
- വി.ഉത്തമൻ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 3715 -ാം നമ്പർ കോമന ശാഖ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |