മാന്നാർ: പത്താം ക്ലാസിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് നളചരിതം ആട്ടക്കഥയുടെ നേർക്കാഴ്ചയൊരുക്കി അദ്ധ്യാപകൻ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കഥകളിയെ അറിയാനും ആസ്വദിക്കാനുമുള്ള അവസരമായി. പ്രസിദ്ധ കഥകളി നടനും വാരണാസി നാരായണൻ നമ്പൂതിരിയുടെ കൊച്ചുമകനുമായ നായർ സമാജം സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മധു വാരണാസിയുടെ നേതൃത്വത്തിലാണ് മാന്നാർ നായർ സമാജം ബോയ്സ്, ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മുന്നിൽ കഥകളിയുടെ അരങ്ങുണർത്തിയത്. പത്താം ക്ലാസ് കേരള പാഠാവലിയിലെ ആദ്യ യൂണിറ്റിലെ പാഠഭാഗത്തിൽ ഉൾപ്പെട്ട ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ ഒന്നാം ദിവസത്തെ ഒരു ഭാഗമായിരുന്നു ഇതിവൃത്തം. ദമയന്തിയോടുള്ള പ്രണയ പരവശതയിൽ ഉദ്യാനത്തിൽ ഉലാത്തുന്ന നളരാജകുമാരന്റെ മുന്നിൽപ്പെട്ട ഹംസവുമൊത്തുള്ള കഥാരംഗങ്ങൾ ഉൾപ്പെടുന്ന പാഠഭാഗമാണ് ഹൃദ്യമായി അരങ്ങിലെത്തിച്ചത്.
മധുവാരണാസി ഹംസമായും കലാഭാരതി ഹരികുമാർ നളനായും രംഗത്തുവന്നു. കലാമണ്ഡലം സജീവൻ, മംഗലം നാരായണൻ നമ്പൂതിരി, കലാഭാരതി പീതാംബരൻ, കലാഭാരതി ജയശങ്കർ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരും അവതരണത്തിന്റെ ഭാഗമായി. വളരെ കാലത്തിനു ശേഷമാണ് സ്കൂളിൽ കഥകളി അരങ്ങ് ഉണരുന്നത്. കഥകളി അവതരണത്തിന് മുമ്പ് ആസ്വാദന ക്ലാസ് നടന്നു.
നായർ സമാജം ബോയ്സ് ഗേൾസ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നപ്പോൾ ഒരു മുഴുദിന പരിപാടിയായി മാറി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രഥമാദ്ധ്യാപകരായ സുജ എ.ആർ, സരിത.ടി എന്നിവർ നിർവ്വഹിച്ചു. നളചരിതം ആട്ടക്കഥയുടെ പാഠഭാഗം മലയാളം അദ്ധ്യാപകൻ ഹരിശർമ്മ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഉച്ചക്ക് ശേഷമായിരുന്നു ആ പാഠഭാഗം ഉൾപ്പെടുന്ന കഥകളിയുടെ രംഗാവിഷ്കാരം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |