ആലപ്പുഴ : പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും, കീശ കീറുമെന്ന അങ്കലാപ്പിലാണ് പ്രഥമാദ്ധ്യാപകർ. ഫ്രൈഡ് റൈസും, മുട്ട അവിയലും പോലെ പോഷക സമ്പുഷ്ടമായ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകുന്നതിൽ സന്തോഷമാണെന്നും എന്നാൽ, ഇതിനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നുമാണ് അദ്ധ്യാപകരുടെ ചോദ്യം. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തുക നിരന്തരം പ്രാവർത്തികമാക്കാവുന്ന കാര്യമല്ല. പി.ടി.എ ഫണ്ട്, പൂർവവിദ്യാർത്ഥികളുടെയും, സ്പോൺസർമാരുടെയും സഹായം തുടങ്ങിയവ പ്രയോജനപ്പെടുത്തി എല്ലാ ദിവസവും പരിഷ്ക്കരിച്ച മെനു നൽകുക ബുദ്ധിമുട്ടാണ്. സർക്കാർ തീരുമാനം, പ്രഥാമാദ്ധ്യാപകരുടെ ഉത്തരവാദിത്തമായി അടിച്ചേൽപ്പിക്കുന്നതിലും അദ്ധ്യാപകർ അസംതൃപ്തരാണ്.
പ്രഥമാദ്ധ്യാപകരുടെ ശമ്പളം കൊണ്ട് ഉച്ചഭക്ഷണ പദ്ധതി പരിഷ്കരിച്ച് ക്രെഡിറ്റ് എടുക്കാമെന്ന് മന്ത്രി വ്യാമോഹിക്കേണ്ടെന്ന വെല്ലുവിളിയുമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. കഴിഞ്ഞ അദ്ധ്യയന വർഷം ഭക്ഷണം നൽകിയതിന്റെ തുക കുടിശികയായി ശേഷിക്കുമ്പോഴാണ് വലിയ കടക്കെണിയിലേക്ക് പ്രഥമാദ്ധ്യാപകരെ തള്ളിവിടുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഉച്ചഭക്ഷണച്ചെലവ്
(എൽ.പി - യു.പി )
ഒരു കുട്ടിക്ക് സർക്കാർ നൽകുന്നത് : ദിവസം 6.78 - 10.17 രൂപ
100 കുട്ടികളുള്ള സ്കൂളിന് നൽകുന്നത് : 13,560 - 20,340 രൂപ (20 ദിവസം)
പുതിയമെനു പ്രകാരം ഒരു കുട്ടിക്ക് ചെലവാകുന്നത് : 15- 18 രൂപ
സർക്കാരിന്റെ എല്ലാ ധൂർത്തിനും കോടികൾ മാറ്റിവയ്ക്കാനുള്ളപ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനുള്ള പൈസ നൽകാത്തത് വഞ്ചനയാണ്. അദ്ധ്യാപകരുടെ ശമ്പളം കൊണ്ട് ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച് ക്രെഡിറ്റ് എടുക്കാനുള്ള ഗൂഢപദ്ധതി അനുവദിക്കില്ല
- ഇ.ആർ.ഉദയകുമാർ, റവന്യൂജില്ലാ സെക്രട്ടറി, കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |