ആലപ്പുഴ: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പതാക -കൊടിമര- ദീപശിഖ ജാഥകൾ ഇന്ന് നടക്കും . ഇന്ന് ഉച്ചയ്ക്ക് 2ന് പുതുപ്പള്ളി രാഘവന്റെ സ്‌മൃതി മണ്ഡപത്തിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു ക്യാപ്റ്റനായുള്ള പതാക ജാഥ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും.
വള്ളികുന്നം സി.കെ കുഞ്ഞുരാമന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിക്കുക. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ക്യാപ്റ്റനായുള്ള ദീപശിഖാ പ്രയാണം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ജി സന്തോഷ് ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എസ്.കരുണാകരക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന കൊടിമരജാഥ സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും.മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്‌തി അജയകുമാറാണ് ക്യാപ്റ്റൻ. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോയിക്കൽ ചന്തയിൽ ജാഥകൾ സംഗമിക്കും. തുടർന്ന് മൂന്നാംകുറ്റിയിലെ കെ.ചന്ദ്രനുണ്ണിത്താൻ നഗറിലേയ്ക്ക് സാംസ്ക്കാരിക വിളംബരജാഥ ആരംഭിക്കും. സമ്മേളന നഗറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി. സത്യനേശൻ പതാകയും എസ്.സോളമൻ ദീപശിഖയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്.രവി കൊടിമരവും ഏറ്റുവാങ്ങും. എൻ.സുകുമാരപിള്ള പതാക ഉയർത്തും.
വൈകിട്ട് 5 ന് മൂന്നാംകുറ്റി ജംഗ്ഷനിൽ നടക്കുന്ന ശതാബ്ദി ആഘോഷ സാംസ്കാരിക സദസ്സ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.പി.കെ. ജനാർദ്ദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എൻ.ശ്രീകുമാർ, ചേർത്തല ജയൻ, കണിമോൾ, ചേരാവള്ളി ശശി,റജിപണിക്കർ തുടങ്ങിയവർ പ്രസംഗിക്കും.
കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാംകുറ്റി സി.എ.എം ഓഡിറ്റോറിയം) നാളെ (28 ന്) രാവിലെ 10ന് വിപ്ലവ ഗായിക പി.കെ മേദിനി പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |