ആലപ്പുഴ : മണ്ണഞ്ചേരി പൊലീസ് എസ്.ഐയായിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പുന്ത്രശേരിൽ സോളമൻ (നിജു - 29), മൂന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22-ാം വാർഡിൽ അർത്ഥശ്ശേരിൽ വിൽഫ്രഡ് (അബി ചക്കര - 29) എന്നിവരെയാണ് അസി. സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ ശിക്ഷിച്ചത്. രണ്ടാം പ്രതി ജോമോൻ (റോബിൻ) വിദേശത്തായതിനാൽ ഇയാൾക്കായി വാറണ്ട്പുറപ്പെടുവിച്ചു. 2018 നവംബർ 13ന് രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം. നിരവധി കേസുകളിൽ പ്രതിയായ സോളമനെ അന്വേഷിച്ച് ഇയാളുടെ വസതിയിലെത്തിയ എസ്.ഐ ലൈസാദ് മുഹമ്മദിനെയും സംഘത്തേയും പ്രതികൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച സോളമൻ കൈയിൽ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് എസ്.ഐയെ വയറ്റിൽ ആഞ്ഞ് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് ഇടത് കൈ കൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് ഗുരുതരമായി മുറിവേറ്റു. മറ്റ് പ്രതികൾ കൂടെയുള്ള ഉദ്യോഗസ്ഥരെ തള്ളി താഴെ ഇട്ട് പരിക്കേൽപ്പിച്ചു. മണ്ണഞ്ചേരി എസ്.ഐയായിരുന്ന ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ മൈക്കിൾ, സിവിൽ പൊലീസ് ഓഫീസർ പി.എ.അനീഷ് എന്നിവർ പ്രോസികൃൂഷൻ നടപടികൾ ഏകോപിപിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീൺ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |