ആലപ്പുഴ : സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തിക്കാനുള്ള 50 പ്ലസ് ക്യാമ്പെയ്നിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ അയൽക്കൂട്ടങ്ങൾ, നിർജ്ജീവമായ അയൽക്കൂട്ടങ്ങൾ, കൊഴിഞ്ഞുപോയ അംഗങ്ങൾ, ഇതുവരെ അയൽക്കൂട്ട അംഗങ്ങളാകാത്തവർ എന്നിവരുടെ വിവരങ്ങൾ സി.ഡി.എസ് തലത്തിൽ ശേഖരിച്ച് വരുന്നു.
27 വർഷം പിന്നിടുന്ന കുടുംബശ്രീയിലേക്ക് കൂടുതൽ അംഗങ്ങളെ രണ്ടുമാസത്തിനുള്ളിൽ ഉൾപ്പെടുത്താനാണ് പദ്ധതി. സംസ്ഥാനത്ത് 3.17 ലക്ഷം അയൽക്കൂട്ടങ്ങളും ഇവയിലായി 48 ലക്ഷം അംഗങ്ങളുമാണുള്ളത്. കൊഴിഞ്ഞുപോയ അംഗങ്ങളെ കൊണ്ടുവരുക, പുതിയ അംഗങ്ങളെ ചേർക്കുക, മേഖലകൾക്കനുസരിച്ച് പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് രൂപം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 50 ലക്ഷമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ. 18 വയസ് പൂർത്തിയായ വനിതകൾക്ക് കുടുംബശ്രീയിൽ അംഗത്വമെടുക്കാം. ഒരു അയൽക്കൂട്ടത്തിൽ പത്തുമുതൽ 20 വരെ അംഗങ്ങളാണുള്ളത്. അടുത്ത വർഷം കുടുംബശ്രീ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനം.
അംഗത്വമെടുക്കാത്തവരെ കണ്ടെത്തും
1. ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ അംഗങ്ങൾ കുറവുള്ള മേഖലകൾ കണ്ടെത്തും
2. തീരദേശം,ഭാഷാ ന്യൂനപക്ഷ പ്രദേശം, അയൽക്കൂട്ടം കുറവുള്ള മേഖല എന്നിവിടങ്ങൾ കണ്ടെത്തി ശ്രദ്ധ നല്കും
3. സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് കൂടുതൽ പ്രചാരണം നടത്തും
4. അയൽക്കൂട്ടങ്ങളിൽ യോഗം ചേർന്ന് അംഗത്വമെടുക്കാത്ത കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി സി.ഡി.എസുകൾക്ക് നല്കും
5. ഈ പട്ടിക അനുസരിച്ച് വീടുകൾ സന്ദർശിച്ച് പ്രചാരണം നടത്തി പരമാവധി അംഗങ്ങളെ അയൽക്കൂട്ടങ്ങളിൽ ചേർക്കും
ജില്ലയിൽ അയൽക്കൂട്ടങ്ങൾ
22,165
അംഗങ്ങൾ
3,10,984
ജില്ലയിൽ 50 പ്ലസ് ക്യാമ്പെയിൻ ആരംഭിച്ചു. വിവരശേഖരണം നടന്നുവരികയാണ്. പരമാവധി അംഗങ്ങളെ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. റിസോഴ്സ് പേഴ്സൺമാർ, വിവിധ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം
-രേഷ്മ രവി,ജില്ലാ പ്രോഗ്രാം മാനേജർ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |