മാന്നാർ : മലയാള ദിനപത്രങ്ങളിലെ അമൂല്യ വാർത്താ ശേഖരങ്ങൾ മൂന്നരപ്പതിറ്റാണ്ടായി ഒരു നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് മാന്നാർ കുട്ടംപേരൂർ പങ്കജത്തിൽ ജി.ഉണ്ണികൃഷ്ണൻ(54) എന്ന ഉണ്ണി പങ്കജം. പ്രാദേശികതലം മുതൽ അന്തർദേശീയതലം വരെയുള്ള പ്രധാന വാർത്തകളുടെ അയ്യായിരത്തിലധികം പേജുകളാണ് മാന്നാർ കുട്ടമ്പേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയായ ജി.ഉണ്ണികൃഷ്ണൻ കാത്തുസൂക്ഷിക്കുന്നത്. കേരളത്തിലെ ഭരണ മാറ്റങ്ങൾ, രാഷ്ട്രീയ നാടകങ്ങൾ, വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങൾ, രാഷ്ട്ര തലവൻമാരുടെ സ്ഥാനാരോഹണങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ, അപകടങ്ങൾ തുടങ്ങി 35 വർഷക്കാലത്തെ കേരള കൗമുദി ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ അച്ചടിച്ചു വന്ന ഏറെ പ്രാധാന്യമുള്ള വാർത്തകളുടെ ശേഖരം ഉണ്ണിയുടെ പക്കലുണ്ട്. പ്രമുഖരുടെ സ്മരണാഞ്ജലികൾ, ദുരന്തങ്ങൾ, ചരിത്രം സൃഷ്ടിച്ചവർ, യുദ്ധങ്ങളുടെ ചരിത്രം, വിവിധ പത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകളുടെ സംഗ്രഹം എന്നിങ്ങനെ എഴുതിയ പുറംചട്ടകളോടെ വാർത്തകൾ തരം തിരിച്ച് ഇരുപത്തിയഞ്ചോളം ബുക്കുകളാക്കി ദിനപത്രത്തിന്റെ വലിപ്പത്തിൽ തന്നെയാണ് ബൈൻഡ് ചെയ്തു സൂക്ഷിച്ചിരിക്കുന്നത്.
ഗവേഷക വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ഏറെ സഹായകരമായ രീതിയിൽ വളരെ ചിട്ടയോടെയാണ് ഈ അമ്യൂല്യ വിജ്ഞാന ശേഖരത്തിന്റെ ക്രമീകരണം. ഇവയിൽ പലതും മാന്നാറിലെ വായനശാലകൾക്കും റ്റി.റ്റി.സി ക്കും സംഭാവനയായി നൽകിയിട്ടുമുണ്ട്. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്കായി ഇവയുടെ പ്രദർശനം ഒരുക്കിയിരുന്നു. കുട്ടംപേരൂർ ശബരി കാറ്ററിംഗ് നടത്തുന്ന ഭാര്യ രാധാമണിയും നേവൽ ആർക്കിടെക്ചർ വിദ്യാർത്ഥിയായ ഏക മകൻ ശബരിനാഥും ഉണ്ണികൃഷ്ണന് സഹായങ്ങളുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |