ആലപ്പുഴ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില പൊന്നുപോലെ കുതിച്ചുകയറുമ്പോൾ കിതയ്ക്കുകയാണ് ഹോട്ടൽ വ്യവസായം. തട്ടുകടകൾ മുതൽ ചെറുകിട, വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം ബാധിക്കുന്നുണ്ട്. കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 80 മുതൽ 85വരെയാണ് വില.
വെളിച്ചെണ്ണ വില 500ലേക്ക് അടുക്കുന്നു. ആലപ്പുഴ സ്പെഷ്യൽ മീൻകറിയുൾപ്പടെയുള്ള കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല.പകരക്കാരെ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ. ജില്ലയിലെ തട്ടുകടകളിൽ ഉൾപ്പെടെ വലിയ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും
ഉപയോഗിക്കുന്നത്. ദിവസേന ഇരുപത് തേങ്ങകൾ വരെ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളുണ്ട്. നഷ്ടത്തിന്റെ പേരിൽ വിഭവങ്ങൾക്ക് വില കൂട്ടാനും കഴിയില്ല. നാലുമണി പലഹാരങ്ങൾക്ക് മിക്കവരും പാമോയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയോളം രുചി വരില്ലെങ്കിലും ഹോട്ടൽ പൂട്ടിപ്പോകാതെ പിടിച്ചുനിർത്താമല്ലോ എന്ന ചിന്തയിലാണ് പല കച്ചവടക്കാരും.
വീടുകളിലും വെളിച്ചെണ്ണയ്ക്ക് കട്ട് !
അവശ്യസാധനങ്ങൾ, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുന്നതിനിടെയാണ് തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിച്ചുയർന്നത്
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം വെളിച്ചെണ്ണ ഉപയോഗിക്കുന്ന തരത്തിലേക്ക് പാചകരീതി പരിഷ്ക്കരിക്കുകയാണ് പല വീട്ടമ്മമാരും
സാധാരണക്കാരുടെ അടുക്കള ലിസ്റ്റിൽ നിന്ന് വെളിച്ചെണ്ണയുടെ അളവ് വെട്ടിച്ചുരുക്കി തുടങ്ങിയിട്ടുണ്ട്
ഈ അവസ്ഥ തുടർന്നാൽ, തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങളും അധികം താമസിയാതെ അടുക്കളകളിൽ നിന്ന് പുറത്താകുമെന്ന കാര്യത്തിൽ സംശയമില്ല
തേങ്ങവില (കിലോഗ്രാമിന്)
₹ 80- 85
വെളിച്ചെണ്ണ വില ഉയർന്ന പശ്ചാത്തലത്തിൽ എല്ലാ വിഭവങ്ങളും അതിൽ തന്നെ തയാറാക്കുന്നത് കനത്ത നഷ്ടം വരുത്തും
- സുരേഷ്, ഹോട്ടൽ സംരംഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |