ആലപ്പുഴ: ഇറങ്ങുംമുമ്പ് ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് റോഡിൽ തെറിച്ചുവീണ് എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്യും. ബസ് ഡോറുകൾ തുറന്നുവെച്ചാണ് സർവീസ് നടത്തിയതെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെ ഓഫീസിലെത്തി വിശദീകരണം നൽകാൻ അപകടത്തിന് കാരണമായ അൽ അമീൻ എന്ന ബസിലെ ഡ്രൈവർ സി.ജയകുമാർ, കണ്ടക്‌ടർ സുഭാഷ് എന്നിവർക്ക് നിർദേശം നൽകി.
വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സൗത്ത് പൊലീസ്, കഞ്ഞിപ്പാടം - ആലപ്പുഴ റൂട്ടിലോടുന്ന ബസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവനും സുരക്ഷയ്‌ക്കും അപകടകരമാകുന്ന തരത്തിൽ അശ്രദ്ധമായ പെരുമാറ്റം, അപകടമുണ്ടാക്കിയ ശേഷം കടന്നുകളയൽ തുടങ്ങിയ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 3.45ഓടെ വലിയചുടുകാട് ജംഗ്ഷന് സമീപമാണ് പുന്നപ്ര സഹകരണ എൻജിനിയറിങ്ങ് കോളേജിലെ അവസാനവർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും തിരുവമ്പാടി അശ്വതിയിൽ റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ വിനയകുമാർ- ലൈജ ദമ്പതികളുടെ മകളുമായ ദേവികൃഷ്‌ണ (23) ബസിൽനിന്ന് തെറിച്ചു വീണത്. വീഴ്‌ചയിൽ റോഡരികിലെ വൈദ്യുതി പോസ്‌റ്റിൽ തല ഇടിച്ച് ബോധം നഷ്‌ടമായി. ബസുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. നാട്ടുകാർ പിന്നാലെവന്ന കാറിലാണ് പെൺകുട്ടിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |