□ശമ്പളമില്ലാതെ എസ്.എസ്.കെ ജീവനക്കാർ
ആലപ്പുഴ: നയപരമായ പ്രശ്നങ്ങളിൽ 'പി.എം ശ്രീ സ്കൂൾ പദ്ധതി" മുടങ്ങി നിൽക്കവേ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിന് ബദൽ മാർഗമില്ലാതെ കേരളം. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നതിനാൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തയ്യാറാകാത്തതാണ് തിരിച്ചടിയായത്.
എസ്.എസ്.കെ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. അദ്ധ്യാപകരുൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ ഏപ്രിൽ മുതലുള്ള ശമ്പളം കുടിശികയാണ്. കേന്ദ്രത്തിൽ നിന്ന് ഈ വർഷം 513 കോടി ലഭിക്കേണ്ടതിനൊപ്പം കഴിഞ്ഞ വർഷത്തെ 153 കോടിയും കുടിശികയുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ,അദ്ധ്യാപകർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ തുടങ്ങി നാലായിരത്തോളം പേർ എസ്.എസ്.കെയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഡെപ്യൂട്ടേഷനിലെത്തിയ രണ്ടായിരത്തോളം അദ്ധ്യാപകർക്കും ശമ്പളം കിട്ടിയിട്ടില്ല. പി.എം ശ്രീ നടപ്പാക്കാത്തതിനാൽ തുക തരാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ലോകബാങ്കിൽ നിന്നുള്ള വിദ്യാഭ്യാസ സഹായ പദ്ധതികളുടെ ചില ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ ശമ്പളമുൾപ്പെടെ മാർച്ചു വരെ മുന്നോട്ട് കൊണ്ടുപോയത്. ഈ മാസവും ശമ്പളം ലഭിച്ചില്ലെങ്കിൽ ബി.ആർ.സികൾ കേന്ദ്രീകരിച്ച് സമരം ആരംഭിക്കാനാണ് എസ്.എസ്.കെ ജീവനക്കാരുടെ നീക്കം.
സുപ്രീംകോടതിയെ
സമീപിച്ചേക്കും
പദ്ധതിയെ എതിർക്കുന്ന തമിഴ്നാടിന്റെ 4306 കോടി രൂപയും കേന്ദ്രം തടഞ്ഞിട്ടുണ്ട്
കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തമിഴ്നാടുമായി ചേർന്ന് ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളവും ആലോചിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |