ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് മാസത്തിനിടെ വേദന രഹിത പ്രസവത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് 25 അമ്മമാർ. സ്വകാര്യ ആശുപത്രികളിൽ അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന പ്രസവ രീതിക്ക് മെഡിക്കൽ കോളേജിൽ രണ്ടായിരത്തിന് താഴെ മാത്രമാണ് വേണ്ടിവരുന്നത്.
ആധുനിക ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി (ഒ ആൻഡ് ജി) വിഭാഗത്തിലാണ് വേദനരഹിത പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. അനസ്‌തേഷ്യ വിദഗ്ദ്ധന്റെ സഹായത്തോടെ എപ്പിഡ്യൂറൽ അനാൽജീസ്യ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വേദനരഹിത പ്രസവം സാദ്ധ്യമാക്കുന്നത്.
നട്ടെല്ലിലൂടെ വളരെ നേർത്ത സൂചികൊണ്ട് മരുന്ന് കുത്തിവച്ച് പ്രസവ വേദന ഇല്ലാതാക്കും. പ്രസവത്തിനിടെ ഓപ്പറേഷൻ ആവശ്യമായേക്കാവുന്ന അടിയന്തര ഘട്ടങ്ങളിലും ഇത് ഏറെ സഹായകരമാണ്. ഗർഭിണിയുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് വേദനരഹിത പ്രസവങ്ങൾ നടത്തുന്നത്.
കൂടാതെ നടുവേദന പോലുള്ള പ്രശ്നങ്ങളും ഇത്തരം പ്രസവങ്ങളിലുണ്ടാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണ പ്രസവം പോലെ മൂന്നാം ദിവസം തന്നെ ആശുപത്രിയിൽ നിന്ന് മടങ്ങാനും സാധിക്കും.ഗൈനക്കോളജി വിഭാഗത്തിൽ പ്രസവത്തിനെത്തുന്നവർക്ക് വേദനരഹിത പ്രസവം സംബന്ധിച്ച കൗൺസലിംഗ് നൽകാറുണ്ടെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |