ആലപ്പുഴ: ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്ന പരിപാടിയുമായി ഹരിതകേരളം മിഷൻ. 'സൗഹൃദം മഹാവൃക്ഷമായി വളരട്ടെ' എന്ന ആശയത്തോടെ 'സുഹൃത്തുക്കൾക്കായി മണ്ണിലൊരു തൈ നടാം' എന്ന പദ്ധതിയാണ് ഒരുക്കുന്നത്.
ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായാണിത്. സൗഹൃദ ദിനത്തിലോ അതിനോടടുത്തുള്ള ദിവസങ്ങളിലോ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നട്ടുവളർത്തുന്നതിനുള്ള വൃക്ഷത്തൈക്കൾ പരസ്പരം കൈമാറും. ചങ്ങാതിയുടെപേരിൽ മണ്ണിലൊരുതൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെവളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.
പച്ചത്തുരുത്തുകൾ വികസിക്കും
സൗഹൃദ ദിനത്തിൽ പുതിയ പച്ചത്തുരുത്തുകൾക്കും രൂപം നൽകും. 63 തദ്ദേശ സ്ഥാപനങ്ങളിലാണ് പുതിയ പച്ചത്തുരുത്തുകൾ ആരംഭിക്കുന്നത്. നിലവിൽ ജില്ലയിൽ 149 സെന്റ് സ്ഥലത്തായി 17 പച്ചത്തുരുത്തുകളുണ്ട്. ഇതിനുപുറമെയാണ് പുതിയവ സൃഷ്ടിക്കുന്നത്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ, ഹരിതവിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അങ്കണങ്ങളിലും വൃക്ഷവത്കരണത്തിന് ലക്ഷ്യമിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |