ആലപ്പുഴ: അത്തം പിറന്നു, ഇനി പത്ത് നാൾ ഓണത്തപ്പനെ വരവേൽക്കാനുള്ള തയാറെടുപ്പാണ്. അതിൽ മുഖ്യം മുറ്റത്തെ പൂക്കളങ്ങളാണ്. വർഷങ്ങളായി ജില്ലയിലെ വിപണി കീഴടക്കുന്നതിലേറെയും ആലപ്പുഴ കഞ്ഞിക്കുഴി പ്രദേശത്തെ വസന്തമാണ്. വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളുമെല്ലാം ഓണവിപണി ലക്ഷ്യമിട്ട് പുഷ്‌പ കൃഷിയിൽ സജീവമാണ്.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് കിഴക്കുവശത്ത് വി.പി സുനിൽ എന്ന കർഷകൻ ഒരുക്കിയിരിക്കുന്ന രണ്ടര ഏക്കർ പൂപ്പാടത്ത് ഇനിയുള്ള പത്ത് ദിവസവും പ്രദർശനവും വിപണനവും ഉൾപ്പെടുത്തി പുഷ്പോത്സവമാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞ, ഓറഞ്ച്, വെള്ള ബന്ദിപ്പൂക്കളും വാടാമുല്ലയുമെല്ലാം സന്ദർശകരെ വരവേറ്റുതുടങ്ങി. പതിവിൽ നിന്ന് വ്യത്യസ്‌തമായി മൊത്തക്കച്ചവടം ഒഴിവാക്കി, ഇത്തവണ ആവശ്യക്കാർക്ക് നേരിട്ട് പൂക്കളെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വി.പി.സുനിൽ പറയുന്നു. പൂപ്പാടത്ത് പ്രദർശനം കാണാൻ പ്രവേശനം സൗജന്യമാണ്. ഈ മാസം അവസാനം കൃഷിഭവന്റെ ഓണച്ചന്തയും നാടൻ ഭക്ഷണ കഫേയും പൂപ്പാടത്ത് ആരംഭിക്കുന്നുണ്ട്.
മഴമാറിയത് ആശ്വാസം
ഓരോ കർഷകനും ഇത്തവണ നെഞ്ചിടിപ്പോടെയാണ് ഓണപ്പൂകൃഷി ആരംഭിച്ചത്. 60 ദിവസം വേണ്ടിവരുന്ന കൃഷിക്ക് ഭൂരിഭാഗം പേരും ജൂലായ് ആദ്യം തന്നെ തൈ നട്ടു. എന്നാൽ, അന്നു മുതൽ അടുത്തിട വരെ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നു. വെള്ളക്കെട്ട് വലച്ചു. ഇപ്പോൾ കാലാവസ്ഥ അനുകൂലമാണ്. ഇത് തിരുവോണം വരെ തുടർന്നാൽ വരും ദിവസങ്ങളിൽ ഏക്കറുകണക്കിന് പൂപ്പാടങ്ങൾ വർണം വിതറുന്ന മനോഹര കാഴ്ചയാകും. പൂക്കൾ വാങ്ങാനും ഫോട്ടോ ഷൂട്ടിനുമായി ഇപ്പോൾ തന്നെ ധാരാളം ആളുകൾ പൂപ്പാടങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രവേശനം സൗജന്യം
രണ്ടര ഏക്കറിൽ നിന്നായി രണ്ടായിരം കിലോ പൂക്കളുടെ വിളവെടുപ്പാണ് കർഷകൻ പ്രതീക്ഷിക്കുന്നത്. കിലോയ്ക്ക് 150 രൂപ നിശ്ചിയിച്ചിട്ടുണ്ട്. തിരുവോണമടുക്കുമ്പോൾ വില അൽപ്പം കൂടി ഉയരാൻ സാദ്ധ്യതയുണ്ട്. സീസണിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപ കൃഷിക്കായി ചെലവായിട്ടുണ്ട്. മുമ്പ് പ്രവേശന ഫീസ് ഈടാക്കിയിരുന്നെങ്കിലും, ഇത്തവണ കൃഷിഭവന്റെ ഓണച്ചന്ത ഉൾപ്പടെ
ആരംഭിക്കുന്നിതിനാൽ കഞ്ഞിക്കുഴിയിലെ പൂപ്പാടത്ത് പ്രവേശനം സൗജന്യമായിരിക്കും.
ബന്ദിപ്പൂവില
കിലോയ്ക്ക് : 150
ദേശീയപാത വഴി സഞ്ചരിക്കുന്നവർ ഉൾപ്പടെ പൂപ്പാടം കാണാനും പൂക്കൾ വാങ്ങാനും ഫോട്ടോഷൂട്ടിനും എത്തുന്നുണ്ട്
-വി.പി.സുനിൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |