മാന്നാർ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം തയ്യാറാക്കാൻ വാർപ്പ് പരുമലയിൽ നിന്ന്. പരുമലയിൽ. ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗ് കമ്പനിയുടെ ചുമതലയിൽ മാന്നാർ പരുമല കാട്ടുംപുറത്ത് പി.പി.അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലാണ് 1500 ലിറ്ററിന്റെ പുതിയ വാർപ്പ് നിർമ്മിച്ചത്.
അൻപതോളം തൊഴിലാളികളുടെ ആറ് മാസം കൊണ്ടാണ് വാർപ്പ് നിർമ്മാണം പൂർത്തിയാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ഈ വാർപ്പിന് ഏകദേശം 25 ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചെലവ്. നാലരപ്പതിറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന 800 ലിറ്ററിന്റെ വാർപ്പിൽ പരമാവധി 250 ലിറ്റർ പാൽ പ്പായസമാണ് തയ്യാറാക്കിയിരുന്നത്. ഇത് മതിയാകാതെ വന്നതോടെ അളവുകൂട്ടാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ തുടർന്നാണ് പുതിയ വാർപ്പ് നിർമ്മിച്ചത്. ഇതിൽ 350 മുതൽ 400വരെ ലിറ്റർ പായസം ഉണ്ടാക്കാനാണ് ആലോചന.
കഴിഞ്ഞ ദിവസം അനന്തൻ ആചാരിയുടെ പരുമലയിലെ പണിശാലയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനത്തിൽ കയറ്റി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ച പുതിയ വാർപ്പ് തിടപ്പള്ളിയുടെ ഭിത്തി പൊളിച്ചാണ് അകത്ത് കടത്തിയത്. പുതിയ വാർപ്പ് സ്ഥാപിക്കുന്നതിനായി തിടപ്പള്ളിയുടെ നവീകരണ പ്രവൃത്തികൾ ആഴ്ചകൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. വാർപ്പിന്റെ വലിപ്പത്തിനനുസരിച്ച് അടുപ്പും പാകപ്പെടുത്തി. പൂജാദി കർമ്മങ്ങൾക്കു ശേഷം നാളെ ഭഗവാനു മുന്നിൽ സമർപ്പിക്കപ്പെടുന്ന വാർപ്പിൽ ഉടൻ തന്നെ പാൽപ്പായസം പാചകം ആരംഭിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
അനന്തൻ ആചാരിയുടെ പെരുമ
ശബരിമല, പാറമേക്കാവ്, ഏറ്റുമാനൂർ, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലെയും കൊടിമരങ്ങൾ ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന ജോലികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായ ശില്പിയാണ് പി.പി.അനന്തൻ ആചാരി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭഗവാന് നിവേദ്യം തയ്യാറാക്കുന്ന ഭീമൻ നാലുകാതൻ വാർപ്പുകളും നിർമ്മിച്ചത്. ശബരിമല, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലെ അകത്തെ തിടപ്പള്ളിയിലേക്കുള്ള നിവേദ്യപ്പാത്രങ്ങളും അനന്തൻ ആചാരിയുടെ പണിശാലയിലാണ് നിർമ്മിച്ചത്. രണ്ടുവർഷം മുമ്പ് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് 225 കിലോ വരുന്ന പിത്തളത്തകിടിൽ 9 അടി പൊക്കവും 7.5 അടി വീതിയുമുള്ള തുലാഭാരത്തട്ടും അനന്തൻ ആചാരിയും സംഘവുമാണ് നിർമ്മിച്ച് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |