കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി സംവിധായകൻ വി.എം വിനുവിന് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ വെട്ടിലായി കോൺഗ്രസ്. തദ്ദേശ സ്ഥാപന പരിധിയിൽ വോട്ടില്ലെങ്കിൽ മത്സരിക്കാനാകില്ല. ഇതോടെ വി.എം.വിനുവിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി.
ജൂലായിൽ ആദ്യ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ആക്ഷേപമുന്നയിക്കാൻ മൂന്ന് അവസരമുണ്ടായിട്ടും കോൺഗ്രസ് ഉപയോഗിക്കാതിരുന്നത് യു.ഡി.എഫിലും അണികളിലും മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്. വിനുവിന്റെ പേര് മന:പൂർവം വെട്ടിയതാണെന്ന് സി.പി.എമ്മിനും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കും നേരെ കോൺഗ്രസ് ഉയർത്തിയ ആരോപണ ഇതോടെ പൊളിഞ്ഞു. അതേസമയം വിനുവിനെ ഒഴിവാക്കിയതാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗസ്.
ഒഴിവാക്കിയത് ആരുടെ പരാതിയിലാണെന്ന് വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്ന് അവർ പറയുന്നു. ഒരാളെ ഒഴിവാക്കണമെങ്കിൽ അതേ വാർഡിലെ വോട്ടർ, ഫോം 58 പ്രകാരം പരാതി നൽകണം. വീട് മാറിയെങ്കിലോ വോട്ടർ മരിച്ചെങ്കിലോ ഇരട്ടവോട്ട് ഉണ്ടെങ്കിലോ ആണ് തള്ളുക. അതിന് മുമ്പ് തള്ളപ്പെടുന്നയാൾക്ക് നോട്ടീസ് നൽകും. വിനുവിന് ഇത്തരത്തിൽ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നതിലാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും കോൺഗ്രസ് പറയുന്നു. ഏതു പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ട് തിരിച്ചുപിടിക്കൽ ദുഷ്‌കരം
വോട്ടർപട്ടികയിൽ വിനുവിന്റെ പേര് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഉൾപ്പെടുത്തുന്നത് ദുഷ്‌കരമായേക്കും. ഇതുവരെ ചെയ്ത നടപടിക്രമങ്ങൾ ആവർത്തിക്കാൻ സമയമില്ലാത്തതാണ് പ്രധാന പ്രശ്നം. മെഡിക്കൽ കോളേജ് സൗത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദുവിനും വോട്ടില്ല.
അട്ടിമറി നടന്നു: വിനു
2020ൽ മലാപറമ്പിൽ താൻ വോട്ട് ചെയ്തുവെന്നും ഇപ്പോൾ പേര് നീക്കം ചെയ്തത് എങ്ങനെയാണെന്ന് അറിയില്ലെന്നും വി.എം. വിനു പറഞ്ഞു. കോർപ്പറേഷനിലേക്ക് മത്സരിക്കാൻ തീരുമാനിച്ചശേഷമാണിതെന്ന് വിനു ആവർത്തിച്ചു. നാളെ താൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടേയില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമോ. പേര് നീക്കിയത് ആസൂത്രിതമാണ്. വോട്ടർ പട്ടികയിൽ കോർപ്പറേഷൻ ക്രമക്കേട് നടത്തി. കോഴിക്കോട് കോർപ്പറേഷന്റെ കൈയിലാണ് വോട്ടർപട്ടിക. അതിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പിടിപ്പുകേട്: ഡെപ്യൂട്ടി മേയർ
വി.എം വിനുവിന് വോട്ടർപട്ടികയിൽ പേരില്ലാതായത് കോൺഗ്രസിന്റെ പിടിപ്പുകേടാണെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. എന്നിട്ടും വീഴ്ച പറ്റിയതിന് സി.പി.എമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു.
നിയമപരമല്ലാത്ത വോട്ടിനെ
എതിർക്കും: സി.പി.എം
കോഴിക്കോട്: കോർപ്പറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി വി.എം വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.മെഹ്ബൂബ്. വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊതുപ്രവർത്തകന്റെ കടമയാണ്. പേരില്ലാത്തവർക്ക് മൂന്ന് തവണ വോട്ട് ചേർക്കാൻ അവസരം നൽകിയിരുന്നു. വിനുവിന് തിരക്കിനിടയിൽ നോക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ പാർട്ടിക്ക് അതിനുള്ള ബാദ്ധ്യതയുണ്ട്. 2020 ലും വിനുവിന്റെ പേര് വോട്ടർപട്ടികയിലില്ല. കോൺഗ്രസ് ഇതൊന്നും നോക്കാതെ ഏത് കാര്യത്തിലും സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കുറ്റംപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |