പത്രിക നൽകിയവരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും
കൽപ്പറ്റ: സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകിയതോടെ വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതു ചിത്രം തെളിഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ 17 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികൾ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം എത്തിയാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മുട്ടിൽ ഡിവിഷനിലെ സ്ഥാനാർത്ഥി കെ. ഹസീനയാണ് ആദ്യം പത്രിക നൽകിയത്. തുടർന്ന് മറ്റുള്ളവർ പത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് ഭരണം അവസാനിപ്പിക്കുമെന്ന് എൽ.ഡി .എഫ് നേതാക്കൾ പറഞ്ഞു. മികച്ച സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. യു.ഡി.എഫ് കോട്ടകളിൽ കടുത്ത മത്സരം കാഴ്ചവയ്ക്കും. യു.ഡി.എഫിന് ഇതുവരെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വയനാട് ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ എൽ.ഡി.എഫ് നടത്തുകയെന്നും നേതാക്കൾ പറയുന്നു.
പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുള്ളത്. മീനങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീന വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ .പി കുഞ്ഞുമോൾ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ആർ ജിതിൻ, എഴുത്തുകാരി റഹീമ വാളാട് , പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ്‌റോസ്ന സ്റ്റഫി, മുൻ പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചർ, സുധീ രാധകൃഷ്ണൻ,
ബിന്ദു മനോജ്, അനീറ്റ ഫെലിക്സ്, എ. ബാലചന്ദ്രൻ, കെഎം ബാബു, ശാരദ മണിയൻ, പി.എം സുകുമാരൻ, പി.വി വേണുഗോപാൽ എന്നീ സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ ,സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉൾപ്പെടെയുള്ള നേതാക്കൾപത്രിക സമർപ്പണത്തിനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |