ചേർത്തല : ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡിന്റെ വശങ്ങൾ അടച്ചുകെട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം. വശങ്ങളിൽ അടച്ചുകെട്ടുമ്പോൾ, റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർ ചുറ്റിക്കറങ്ങിപ്പോകേണ്ടി വരും. ജില്ലയിൽ തന്നെ ദേശീയപാതയോരത്തുള്ള ഏക റെയിൽവേ സ്റ്റേഷനാണ് ചേർത്തലയിലേത്.
നിലവിൽ റെയിൽവേ സ്റ്റേഷനു മുന്നിലെ ദേശീയപാത നിർമ്മാണം പൂർത്തിയായാൽ സർവീസ് റോഡിലൂടെ മാത്രമാകും യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയുക. സ്റ്റേഷനു മുന്നിൽ അടിപ്പാത നിർമ്മിക്കാത്തതിനാൽ ദേശീയപാത മുറിച്ചു കടക്കണമെങ്കിൽ ഇരുവശങ്ങളിലേക്കും ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടിയും വരും. നിർമ്മാണം പൂർത്തിയാകുമ്പോൾ ബസ് നിർത്താൻ പോലും സ്ഥലമില്ലാതെ വരുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടംണ്ടിവരും.
സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചേർത്തല നഗരസഭയിലെ 35 കൗൺസിലർമാരുടെയും നേതൃത്വത്തിൽ 15ന് രാവിലെ 7ന് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തും. അശാസ്ത്രീയമായ ദേശീയപാത രൂപകൽപനയിൽ തിരുത്തൽ വരുത്തി റെയിൽവേ സ്റ്റേഷനു മുന്നിൽ ഫ്ലൈ ഓവർ സ്ഥാപിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
സ്റ്റേഷന്റെ മുൻവശം ഉൾപ്പെടെയുള്ള 3 സ്ഥലങ്ങളിൽ ദേശീയപാത അതോറിട്ടിയും റെയിൽവേ അധികൃതരും സ്ഥലം സംബന്ധിച്ച് തർക്കമുണ്ട്
ഇതുകാരണം റെയിൽവേ സ്റ്റേഷനു മുന്നിൽ ബസ്‌ബേ നിർമ്മിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്
റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വഴിയോരവിശ്രമകേന്ദ്രവും യാത്രക്കാർക്ക് പ്രയോജനമില്ലാതെ അടച്ചു പൂട്ടപ്പെടും
നിലവിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ മേൽനടപ്പാതയാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്
ഇതു ലിഫ്റ്റ് സൗകര്യമുള്ളതായി ഉയർത്താൻ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായെങ്കിലും പൂർണമായും അനുമതി ലഭിച്ചിട്ടില്ല
ചേർത്തല റെയിൽവെ സ്റ്റേഷന് മുൻവശം മേൽപ്പാലം അനുവദിക്കണം. ബസ്–റെയിൽ–റോഡ് ഗതാഗതം ഏകോപ്പിക്കുന്ന രീതിയിൽ ദേശീയപാത പുനർ രൂപകൽപ്പന ചെയ്യണം. സ്റ്റേഷന് മുൻ വശം ബസ്ബേ അനുവദിക്കുകയും ചെയ്യണം
- ജനകീയവേദി , കരുവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |