ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനായി പുന്നമടക്കായൽ ഖനനം ചെയ്തുകൊണ്ടുപോകുന്ന മണൽ ലോറികളിൽ നിന്ന് ചോർന്ന് നിരത്തുകളിൽ ചിതറുന്നത് അപകടക്കെണിയാകുന്നു. റോഡിൽ ചിതറിക്കിടക്കുന്ന മണലിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീണ് അപകടങ്ങൾ പതിവായി. ആര്യാട് പഞ്ചായത്തിലെ ചെമ്മംതുറയിൽ നിന്നാണ് ചെറിയ ടിപ്പറുകളിൽമണ്ണ് ദേശീയപാത നിർമ്മാണ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
കൊറ്റംകുളങ്ങരയിൽ നിന്ന് തലവടി ക്ഷേത്രത്തിന് പടിഞ്ഞാറുവശം വഴിയാണ് പാതിരപ്പള്ളി, പൂങ്കാവ് എന്നിവിടങ്ങളിൽ റോഡ് നിർമ്മാണ സ്ഥലത്തേക്ക് മണ്ണുമായി ലോറികളുടെ സഞ്ചാരം. പടുതയിട്ട് മൂടിയാണ് ലോറികൾ പോകുന്നതെങ്കിലും ഓട്ടത്തിനിടയിൽ ലോറികളിൽ നിന്ന് റോഡിലെ വളവുകളിലും മറ്റും മണ്ണ് ചിതറി വീഴും. ഇത് റോഡിന്റെ വശങ്ങളിൽ കൂടികിടക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. വലിയ വാഹനങ്ങൾ വരുന്നത് കണ്ട് സൈഡിലേക്കൊതുക്കുന്ന ഇരുചക്രവാഹനങ്ങളുടെ ചക്രങ്ങൾ ചൊരിമണലിൽ പുതഞ്ഞും ബ്രേക്ക് ചെയ്യുമ്പോൾ തെന്നിയുമാണ് അപകടങ്ങളേറെയും .
ഇവിടെ അപകടങ്ങളിൽ പരിക്കേറ്റവർ ഫോട്ടോയുൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ഇക്കാര്യത്തിൽ ദേശീയ പാത അതോറിട്ടിയോ ജില്ലാ ഭരണകൂടമോ കരാർ കമ്പനിയോ ഇതുവരെ ഇടപെട്ടിട്ടില്ല. ലോറികളിൽ നിന്ന് റോഡിലേക്ക് മണ്ണ് വീഴുന്നത് തടയുകയോ റോഡിൽ വീണുകിടക്കുന്ന മണൽ നീക്കം ചെയ്യുകയോ ആണ് ഇതിനുള്ള പരിഹാരം.
രണ്ട് ദിവസത്തിനുള്ളിൽ 4 പേർക്ക് പരിക്ക്
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അച്ഛനും മകളും ദമ്പതികളുമടക്കം നിരവധിപേർക്കാണ് ഇവിടെ വീണ് പരിക്കേറ്റത്
നായയെ കണ്ട് ബ്രേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടാണ് അച്ഛനും മകൾക്കും പരിക്കേറ്റത്
വളവ് തിരിയുന്നതിനിടെ മണലിൽ സ്കൂട്ടറിന്റെ വീൽ തെന്നിയാണ് ദമ്പതികൾക്ക് പരിക്കേറ്റത്
നാലുപേരും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി
മണൽ ലോറികളിൽ നിന്ന് റോഡിൽ വീഴുന്ന മണ്ണ് അപകട സാദ്ധ്യതയ്ക്ക് ഇടയാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി ഉറപ്പാക്കും
- മനു ഉപേന്ദ്രൻ, വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |